തിരുവനന്തപുരം: ജനപക്ഷത്ത് ഉറച്ചുനിന്ന് അധികാരം സാധാരണക്കാരുടെ ക്ഷേമത്തിനുവേണ്ടി എങ്ങനെ വിനിയോഗിക്കണമെന്ന് തെളിയിച്ച മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്നു പി.എച്ച് കുര്യൻ എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
കോട്ടയത്തെ സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (IISc) ശാസ്ത്ര ഗവേഷണം നടത്തുന്നതിനിടെയാണ് പി.എച്ച്. കുര്യൻ സിവിൽ സർവീസിലെത്തുന്നത്. 1986 ബാച്ച് ഉദ്യോഗസ്ഥനായ അദ്ദേഹം തുടക്കത്തിൽ ഒറീസ കേഡറിലായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്. പിന്നീട് പാലക്കാട്, പാലാ എന്നിവിടങ്ങളിൽ സബ് കളക്ടറായും കോട്ടയം, ഇടുക്കി ജില്ലാ കളക്ടറായും മികവുറ്റ പ്രവർത്തനം കാഴ്ചവെച്ചു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തിന് വലിയ വികസന മുന്നേറ്റം നൽകിയ ഐ.ടി, വ്യവസായം, റവന്യൂ വകുപ്പുകളുടെ ചുമതലകളിൽ പി.എച്ച്. കുര്യൻ നിർണായക പങ്കുവഹിച്ചു. ഐ.ടി സെക്രട്ടറിയായിരുന്ന കാലയളവിൽ സംസ്ഥാനത്തിന്റെ വിവരസാങ്കേതിക രംഗത്തെ വലിയ മാറ്റങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. പേറ്റന്റ് കൺട്രോളർ ജനറൽ എന്ന നിലയിൽ അന്താരാഷ്ട്ര തലത്തിൽ ഇടപെട്ട് ജീവൻരക്ഷാ കാൻസർ മരുന്നുകളുടെ വില കുറയ്ക്കുന്നതിൽ അദ്ദേഹം നടത്തിയ നീക്കങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.
2018-ലെ മഹാപ്രളയ കാലത്ത് റവന്യൂ-ദുരന്തനിവാരണ സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി എന്നീ നിലകളിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ അദ്ദേഹം സമാനതകളില്ലാത്ത പങ്കാണ് വഹിച്ചത്. ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമി കണ്ടെത്തുന്നതിനുള്ള ചുമതലയും അദ്ദേഹത്തിനായിരുന്നു.
ഉന്നത പദവികൾ വഹിക്കുമ്പോഴും വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹത്തിൻ്റെ വിയോഗം കേരളത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് വ്യക്തമാക്കിയ വി.ഡി. സതീശൻ, കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.
