ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയെ പേരെടുത്തുവിളിച്ച് പരാമർശിച്ച വനം വകുപ്പ് മന്ത്രി ആർ.വി. രഞ്ജിത് കുമാറിന്റെ നടപടിയിൽ നിയമസഭയിൽ മാപ്പ് ചോദിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. അന്തരിച്ച മുതിർന്ന നേതാവിനെ ‘കലൈജ്ഞർ’ എന്ന് അഭിസംബോധന ചെയ്യുന്ന പരമ്പരാഗത കീഴ്വഴക്കം ലംഘിച്ച മന്ത്രിയുടെ വാക്കുകൾ സഭയിൽ വലിയ ചർച്ചയാകുന്നതിനിടയിലാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്.
സഭാ നടപടികൾക്കിടയിൽ പെട്ടെന്നുതന്നെ ഇടപെട്ട മുഖ്യമന്ത്രി വിജയ്, ‘നിങ്ങളുടെ നേതാവിന്റെ പേര് മാത്രം എടുത്തുപറഞ്ഞ മന്ത്രിയുടെ നടപടി തെറ്റായിപ്പോയി, ഞാൻ അതിൽ ക്ഷമ ചോദിക്കുന്നു’ എന്ന് വ്യക്തമാക്കുകയായിരുന്നു. തുടർന്ന് സഭാ നടപടികൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോയി.
തമിഴ്നാട് രാഷ്ട്രീയത്തിലെ മുതിർന്ന നേതാക്കളോടും പാരമ്പര്യങ്ങളോടും ഉള്ള ബഹുമാനവും വിനയവും ഉയർത്തിപ്പിടിച്ച മുഖ്യമന്ത്രി വിജയിയുടെ ഈ വേഗത്തിലുള്ള പരസ്യ പ്രതികരണം രാഷ്ട്രീയ നിരീക്ഷകർക്കിടയിലും വലിയ പ്രശംസ നേടിയിട്ടുണ്ട്. നേതൃത്വത്തിന്റെ സഭാ മര്യാദകൾ കാത്തുസൂക്ഷിക്കുന്നതിൽ വിജയ് കാണിച്ച ജാഗ്രത ശ്രദ്ധേയമായി.
