ചെന്നൈ / ന്യൂഡൽഹി — ‘കറുപ്പ്’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം സൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’ (Vishwanath and Sons) ട്രെയ്‌ലർ പുറത്തിറങ്ങി. സൂര്യക്കൊപ്പം മലയാളി താരം മമിത ബൈജു പ്രധാന വേഷത്തിലെത്തുന്ന ചിത്രം നർമ്മത്തിനും പ്രണയത്തിനും കുടുംബബന്ധങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന ഒന്നാണെന്ന് ട്രെയ്‌ലർ ഉറപ്പുനൽകുന്നു. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം 2026 ഓഗസ്റ്റ് 14-ന് തീയേറ്ററുകളിൽ എത്തും.
രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ പിസ്റ്റൾ ഷൂട്ടർ ‘സഞ്ജയ് വിശ്വനാഥ്’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സൂര്യ അവതരിപ്പിക്കുന്നത്. മകന്റെ അസ്ഥിമജ്ജ മാറ്റിവെക്കൽ (Bone Marrow Transplant) ശസ്ത്രക്രിയക്കായി അനുയോജ്യനായ ദാതാവിനെ തേടി വിദേശത്തേക്ക് യാത്ര തിരിക്കുന്ന സഞ്ജയിന്റെ ജീവിതത്തിലേക്ക് ‘മാഡി’ എന്ന കഥാപാത്രമായി മമിത ബൈജു കടന്നുവരുന്നതാണ് കഥയുടെ വഴിത്തിരിവ്.
40 വയസ്സുകാരനായ സഞ്ജയിനോട് മാഡി തനിക്കുള്ള പ്രണയം വെളിപ്പെടുത്തുന്നതോടെ ചിത്രം ഒരു ഏജ്-ഗ്യാപ് (Age-gap) റൊമാന്റിക് ഫാമിലി ഡ്രാമയായി മാറുന്നു. സിത്താര എന്റർടൈൻമെന്റ്സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച് ശ്രീകര സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രത്തിൽ രാധിക ശരത്കുമാർ, രവീണ ടണ്ടൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം പകരുന്നത്.
സ്നേഹത്തെക്കുറിച്ച് സൂര്യയുടെ വാക്കുകൾ
ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സ്നേഹത്തെയും ദാമ്പത്യത്തെയും കുറിച്ച് സൂര്യ സംസാരിച്ചു:
”പ്രണയം എന്നും നിലനിൽക്കുന്ന ഒന്നായിരിക്കണം. വിവാഹദിനത്തിൽ മാത്രം തോന്നുന ഒന്നല്ല അത്. 20-ലും 30-ലും നമ്മളുടെ ചിന്തകളും മുൻഗണനകളും മാറിയേക്കാം, എന്നാൽ പങ്കാളിയോടുള്ള സ്നേഹവും ബഹുമാനവും എന്നും മാറ്റമില്ലാതെ തുടരണം.”
കുടുംബ പ്രേക്ഷകരെയും ചെറുപ്പക്കാരെയും ഒരുപോലെ ആകർഷിക്കുന്ന ഘടകങ്ങളുള്ള ‘വിശ്വനാഥ് ആൻഡ് സൺസ്’ ഓഗസ്റ്റ് 14-ന് തീയേറ്ററുകളിൽ വലിയ പ്രതീക്ഷയോടെയാണ് എത്തുന്നത്.
