തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും മകൾ വീണ വിജയന്റെയും വസതികളിൽ ഇന്നലെ ഇ.ഡി നടത്തിയ അപ്രതീക്ഷിത റെയ്ഡുകൾക്ക് പിന്നാലെ കേരള രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ. ഇഡി നടപടികൾ ശക്തമാക്കിയതോടെ മകൾ വീണ വിജയന്റെ അറസ്റ്റ് ഏതു നിമിഷവും ഉണ്ടായേക്കാമെന്ന കടുത്ത ഭീതിയിലാണ് പിണറായി വിജയനും കുടുംബവുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള സൂചനകൾ.
അറസ്റ്റ് പരമാവധി ഒഴിവാക്കാനും ഇഡിക്ക് വിട്ടുകൊടുക്കാതെ വീണയെ സുരക്ഷിതമായ ഒരു രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റാനുമുള്ള അടിയന്തര നീക്കങ്ങൾ അണിയറയിൽ സജീവമാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി പിണറായി വിജയൻ രാജ്യത്തെ പ്രമുഖ നിയമവിദഗ്ദ്ധരുമായി നിരന്തരം സമ്പർക്കം പുലർത്തുകയാണെന്നാണ് വിവരം. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനും മുതിർന്ന നേതാവുമായ കപിൽ സിബലിനെ പിണറായി വിജയൻ നേരിട്ട് ബന്ധപ്പെട്ട് അടിയന്തര നിയമോപദേശം തേടിയതായാണ് ലഭിക്കുന്ന സൂചനകൾ.
ഇന്നലെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ പിണറായിയുടെ വാടകവീട്ടിലും കണ്ണൂരിലെ പിണറായിയിലെ വസതിയിലും മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഒരേസമയമാണ് ഇഡി പരിശോധന നടത്തിയത്. റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് നേരെ സി.പി.എം പ്രവർത്തകർ വലിയ രീതിയിലുള്ള അക്രമം അഴിച്ചുവിട്ടിരുന്നു. ഹൈക്കോടതിയിൽ നിന്ന് സിഎംആർഎല്ലിന് അനുകൂലമായ വിധി സമ്പാദിക്കാൻ കഴിയാതെ പോയതാണ് ഇഡിക്ക് പെട്ടെന്ന് നടപടികളിലേക്ക് കടക്കാൻ വഴിതുറന്നത്. വരും ദിവസങ്ങളിൽ കേസ് കൂടുതൽ സങ്കീർണ്ണമായേക്കുമെന്ന വിലയിരുത്തലിലാണ് പ്രതിരോധ നടപടികളിലേക്ക് സി.പി.എം നേതൃത്വവും കുടുംബവും കടന്നിരിക്കുന്നത്.