ന്യൂഡൽഹി: പാർലമെന്റിലെ ഏറ്റവും കരുത്തുറ്റ സമിതികളിലൊന്നായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (പിഎസ്‌സി – PAC) അധ്യക്ഷനായി കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെ വീണ്ടും നിയമിച്ചു. 2026-27 വർഷത്തേക്കുള്ള പുതിയ സമിതിയിലാണ് കെ.സിക്ക് വീണ്ടും അധ്യക്ഷസ്ഥാനം നൽകിയിരിക്കുന്നത്. ആലപ്പുഴയിൽ നിന്നുള്ള എം.പിയും എ.ഐ.സി.സി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായ വേണുഗോപാൽ 2024 മുതൽ ഈ പദവി വഹിച്ചു വരികയായിരുന്നു.
കേരള രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സിയുടെ പേര് സജീവമായി ചർച്ച ചെയ്യപ്പെടുന്നതിനിടെയാണ് അദ്ദേഹത്തിന് ദേശീയ തലത്തിൽ വീണ്ടും സുപ്രധാന ചുമതല നൽകിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ വേണുഗോപാലിനെ ഡൽഹിയിൽ തന്നെ നിലനിർത്താനാണ് കേന്ദ്ര നേതൃത്വത്തിന്റെ താല്പര്യമെന്നാണ് ഈ നിയമനം സൂചിപ്പിക്കുന്നത്.
സർക്കാരിന്റെ സാമ്പത്തിക വിനിയോഗത്തെ സൂക്ഷ്മമായി പരിശോധിക്കുകയും സി.എ.ജി (CAG) റിപ്പോർട്ടുകൾ വിലയിരുത്തുകയും ചെയ്യുന്ന പിഎസ്‌സിയുടെ അധ്യക്ഷ സ്ഥാനം പരമ്പരാഗതമായി പ്രതിപക്ഷത്തിലെ ഏറ്റവും വലിയ കക്ഷിക്കാണ് ലഭിക്കാറുള്ളത്. രാജ്യത്തെ പൊതുമുതൽ ചെലവഴിക്കുന്നതിൽ സുതാര്യത ഉറപ്പുവരുത്തുക എന്നതാണ് ഈ സമിതിയുടെ പ്രധാന ലക്ഷ്യം. 15 ലോക്സഭാംഗങ്ങളും 7 രാജ്യസഭാംഗങ്ങളുമടങ്ങുന്നതാണ് 22 അംഗ സമിതി.