തിരുവനന്തപുരം: സർവീസിൽ നിന്ന് വിരമിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും ഔദ്യോഗിക പദവിയുടെ അടയാളങ്ങൾ കാറിൽ നിന്ന് നീക്കം ചെയ്യാത്ത മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്കെതിരെ നടപടി. സ്വന്തം കാറിൽ പോലീസ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന നക്ഷത്രമുദ്ര പതിപ്പിച്ച് യാത്ര ചെയ്ത സംഭവത്തിൽ ഡിജിപി റവാഡ ചന്ദ്രശേഖർ അന്വേഷണത്തിന് ഉത്തരവിട്ടു.
സംഭവം ഇങ്ങനെ
കോട്ടയം വിജിലൻസ് കോടതിയിൽ ഒരു കേസിന്റെ ഭാഗമായി ഹാജരാകാൻ എത്തിയപ്പോഴാണ് തച്ചങ്കരിയുടെ നിയമലംഘനം പുറത്തായത്. അദ്ദേഹം സഞ്ചരിച്ചിരുന്ന സ്വകാര്യ കാറിന്റെ നമ്പർ പ്ലേറ്റിനോട് ചേർന്ന് ഡിജിപി റാങ്കിലുള്ളവർ ഉപയോഗിക്കുന്ന നക്ഷത്ര ചിഹ്നം പതിപ്പിച്ചിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടതോടെയാണ് സംഗതി വിവാദമായത്. ഔദ്യോഗിക പദവിയിലിരിക്കെ മാത്രം ഉപയോഗിക്കാൻ അനുമതിയുള്ള ഇത്തരം മുദ്രകൾ വിരമിച്ച ശേഷം ഉപയോഗിക്കുന്നത് ഗുരുതരമായ ചട്ടലംഘനമാണെന്ന പരാതി ഉയർന്നതോടെ ഡിജിപി ഇടപെടുകയായിരുന്നു.
വിരമിച്ച ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക വാഹനമോ മുദ്രകളോ ഉപയോഗിക്കാൻ നിയമപരമായി അവകാശമില്ല. തച്ചങ്കരിയുടെ ഭാഗത്തുനിന്നുണ്ടായ ഈ നടപടിയിൽ പോലീസ് ആസ്ഥാനത്ത് നിന്ന് കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.