തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ പ്രളയദുരന്തം വെറുമൊരു പ്രകൃതിക്ഷോഭമായിരുന്നില്ലെന്നും മറിച്ച് ‘മനുഷ്യനിർമ്മിത ദുരന്തം’ (Man-made Disaster) ആയിരുന്നുവെന്നുമുള്ള വി.ഡി സതീശന്റെ ആരോപണങ്ങൾക്ക് പുതിയ മാനങ്ങൾ നൽകിക്കൊണ്ട് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ പുറത്ത്. അഴിമതിക്കും കരാറുകാരെ സഹായിക്കുന്നതിനും വേണ്ടി ഉദ്യോഗസ്ഥർ കാട്ടിയ അനാസ്ഥയാണ് പ്രളയത്തിന്റെ തീവ്രത വർധിപ്പിച്ചതെന്ന് മന്ത്രി ഈ ശബ്ദരേഖയിൽ വ്യക്തമാക്കുന്നു.
തോട്ടപ്പള്ളി സ്പിൽവേയും 300 കോടിയുടെ അഴിമതിയും
തോട്ടപ്പള്ളി സ്പിൽവേ കൃത്യസമയത്ത് തുറക്കാതിരുന്നതാണ് ചെങ്ങന്നൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ മുങ്ങാൻ കാരണമെന്ന് മന്ത്രി ആരോപിക്കുന്നു. ഒരു മാസം മുൻപേ തുറക്കേണ്ടിയിരുന്ന സ്പിൽവേ, മണൽ കരാറുകാരെ സഹായിക്കാൻ വേണ്ടി ചില ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചു.
”മണൽത്തിട്ട വെള്ളം കൊണ്ടുപോകാതിരിക്കാൻ വേണ്ടിയാണ് സ്പിൽവേ തുറക്കാതിരുന്നത്. ക്യൂബിക് മീറ്ററിന് വെറും 62 രൂപയ്ക്ക് കരാറെടുത്തയാൾക്ക് അത് മറിച്ചുവിറ്റാൽ 2000 രൂപ കിട്ടും. 300 കോടിയെങ്കിലും ലാഭം കിട്ടാൻ വേണ്ടിയാണ് അന്ന് ഈ കളി കളിച്ചത്,” എന്ന് മന്ത്രി ശബ്ദരേഖയിൽ പറയുന്നു.
ചീഫ് എഞ്ചിനീയറായിരുന്ന ജോഷിയും മറ്റ് ചില ഉദ്യോഗസ്ഥരും ചേർന്നാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും മന്ത്രി വെളിപ്പെടുത്തുന്നു.
തമിഴ്‌നാടിനെ സഹായിക്കാൻ കേരളത്തെ മുക്കി?
പറമ്പിക്കുളം, ഷോളയാർ ഡാമുകളിലെ വെള്ളം തുറന്നുവിടുന്നതിലും ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി മന്ത്രി പറയുന്നു. തമിഴ്‌നാട്ടിൽ നടക്കുന്ന 200 കോടിയുടെ കരാർ പ്രവൃത്തികൾ തടസ്സപ്പെടാതിരിക്കാൻ വേണ്ടി കരാറുകാരൻ ഉദ്യോഗസ്ഥർക്ക് വിഹിതം നൽകി. ഇതിനെത്തുടർന്ന് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകേണ്ട വെള്ളം കേരളത്തിലെ പെരിങ്ങൽക്കുത്തിലേക്ക് തുറന്നുവിട്ടു. ഇതാണ് ചാലക്കുടി പുഴ കരകവിയാനും വലിയ നാശനഷ്ടങ്ങൾക്കും കാരണമായതെന്നാണ് ശബ്ദരേഖയിലെ പ്രധാന പരാമർശം.
സതീശന്റെ ആരോപണം ശരിവെക്കുന്ന വെളിപ്പെടുത്തൽ
2018 ഓഗസ്റ്റ് 30-ന് നിയമസഭയിൽ നടന്ന പ്രത്യേക ചർച്ചയിൽ വി.ഡി സതീശൻ ഉന്നയിച്ച “ഇതൊരു മനുഷ്യനിർമ്മിത ദുരന്തമാണ്” എന്ന വാദം അന്ന് ഭരണപക്ഷം തള്ളിക്കളഞ്ഞിരുന്നു. എന്നാൽ സ്വന്തം മന്ത്രിസഭയിലെ അംഗത്തിന്റെ തന്നെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ സർക്കാരും ജലവിഭവ വകുപ്പും പ്രതിക്കൂട്ടിലാവുകയാണ്. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ലക്ഷക്കണക്കിന് ആളുകളെ കണ്ണീരിലാഴ്ത്തിയ പ്രളയത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്നതാണ് ഇന്ന് പുറത്ത് വന്ന മന്ത്രിയുടെ ശബ്ദരേഖ.
![]()
