തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അഞ്ചാം പ്രോഗ്രസ് റിപ്പോർട്ട് വെറും പാഴ്വാക്കുകളുടെ നിർമ്മിതിയാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ്. പ്രകടനപത്രികയിലെ 97 ശതമാനം വാഗ്ദാനങ്ങളും പൂർത്തീകരിച്ചുവെന്ന സർക്കാരിന്റെ അവകാശവാദം വസ്തുതാവിരുദ്ധമാണെന്നും ജീവനക്കാരെ സംബന്ധിച്ച ഒരൊറ്റ വാഗ്ദാനം പോലും പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പങ്കാളിത്ത പെൻഷനിൽ വഞ്ചനയെന്ന് ആരോപണം
’വാക്ക് പാലിച്ച് പെൻഷൻ സുരക്ഷ’ എന്ന തലക്കെട്ടിൽ അഷ്വേർഡ് പെൻഷൻ സ്കീം നടപ്പാക്കിയെന്ന സർക്കാരിന്റെ അവകാശവാദം പച്ചക്കള്ളമാണെന്ന് ആക്ഷൻ കൗൺസിൽ ചൂണ്ടിക്കാട്ടി. 2021-ലെ എൽ.ഡി.എഫ് പ്രകടനപത്രികയിലെ 889-ാം വാഗ്ദാനമായ “പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുമെന്ന” ഉറപ്പ് സർക്കാർ അട്ടിമറിച്ചു.
”2021-ൽ സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടാൻ പോലും രണ്ടര വർഷമെടുത്തു. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അഷ്വേർഡ് പെൻഷൻ സ്കീം നൂറു ശതമാനം പങ്കാളിത്ത പെൻഷൻ തന്നെയാണ്. ഇതിന്റെ നടപടിക്രമങ്ങളോ വിഹിതമോ ഗ്രാറ്റുവിറ്റി സംബന്ധിച്ച തീരുമാനങ്ങളോ ഇന്നും കടലാസിൽ പോലും ആയിട്ടില്ല.” – ആക്ഷൻ കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു.
പ്രധാന വിമർശനങ്ങൾ:
- അവ്യക്തമായ നയം: അഷ്വേർഡ് പെൻഷൻ പദ്ധതിയിൽ ജീവനക്കാരുടെയും സർക്കാരിന്റെയും വിഹിതം എത്രയാണെന്നോ, ഏത് അക്കൗണ്ടിലാണ് തുക സൂക്ഷിക്കുന്നതെന്നോ വ്യക്തമല്ല.
- നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങൾ: ഡി.എ കുടിശ്ശിക നിഷേധിച്ചും, ലീവ് സറണ്ടർ കവർന്നെടുത്തും, ശമ്പള പരിഷ്കരണവും ആശ്രിത നിയമനവും അട്ടിമറിച്ചും സർക്കാർ ജീവനക്കാരെ ദ്രോഹിക്കുകയാണ്.
- മറ്റ് മേഖലകളിലെ പരാജയം: പ്രവാസി ക്ഷേമനിധിയിൽ മാത്രം 52 കോടി രൂപയുടെ പെൻഷൻ കുടിശ്ശിക നിലനിൽക്കുമ്പോൾ പ്രോഗ്രസ് റിപ്പോർട്ടിലെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് വ്യക്തമാകുന്നു.
നേതാക്കളുടെ പ്രതികരണം
22 മാസത്തെ ശമ്പളം കൊള്ളയടിച്ച സർക്കാർ ജീവനക്കാരുടെ പ്രോഗ്രസ് റിപ്പോർട്ടിൽ ‘പൂജ്യം മാർക്കിന്’ മാത്രമാണ് അർഹരെന്ന് നേതാക്കൾ പറഞ്ഞു.
സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി. പുരുഷോത്തമൻ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എസ്. പ്രദീപ് കുമാർ, ജനറൽ സെക്രട്ടറി ബി. നൗഷാദ്, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ ഭാരവാഹികളായ എം.എസ്. മോഹനചന്ദ്രൻ, സി.ഡി. ശ്രീനിവാസ്, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ ഭാരവാഹികളായ റീജ ബീഗം, വി.എ. ബിനു എന്നിവർ സംയുക്തമായാണ് സർക്കാരിനെതിരെ രംഗത്തെത്തിയത്.
![]()
