തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, സർക്കാരിന്റെ സാമ്പത്തിക അച്ചടക്ക പ്രസംഗങ്ങൾക്കിടയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വരുമാന കണക്കുകൾ ചർച്ചയാകുന്നു. സാധാരണക്കാർക്ക് ഒരു പെൻഷൻ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമ്പോൾ, മന്ത്രി സ്ഥാനത്തെ ശമ്പളത്തിനൊപ്പം മുൻ എം.പി എന്ന നിലയിലുള്ള പെൻഷനും കൈപ്പറ്റുന്ന മന്ത്രിയുടെ നടപടിയാണ് ഇപ്പോൾ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

വിവാദത്തിന് ആധാരമായ കണ്ടെത്തലുകൾ
2010 മുതൽ 2016 വരെയുള്ള കാലയളവിൽ രാജ്യസഭാംഗമായിരുന്ന കെ.എൻ. ബാലഗോപാൽ, നിലവിൽ കേരളത്തിന്റെ ധനമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുന്നുണ്ട്. ഇതിനു പുറമെ മുൻ എം.പി എന്ന നിലയിലുള്ള പെൻഷനും അദ്ദേഹം വാങ്ങുന്നുണ്ടെന്ന വിവരം പുറത്തുവന്നു. നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തന്നെ തനിക്ക് “Ex-MP പെൻഷനും മന്ത്രി എന്ന നിലയിലുള്ള ശമ്പളവും” ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഇരട്ടത്താപ്പ് എവിടെ?
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ക്ഷേമ പെൻഷനുകൾക്കൊപ്പം ക്ഷേമനിധി ബോർഡ് പെൻഷനുകളും വാങ്ങാൻ സാധാരണക്കാർക്ക് അനുവാദമുണ്ടായിരുന്നു. എന്നാൽ, പിണറായി സർക്കാരിന്റെ കാലത്ത് ഇത് ഏകീകരിക്കുകയും ഒരാൾക്ക് ഒരു പെൻഷൻ എന്ന കർശന നിയന്ത്രണം കൊണ്ടുവരികയും ചെയ്തു.
”ജനങ്ങൾക്ക് രണ്ട് പെൻഷൻ നൽകുന്നത് ഖജനാവിന് ഭാരമാണെന്ന് പറയുന്ന സർക്കാർ, മന്ത്രിമാർക്ക് ശമ്പളവും പെൻഷനും ഒരുമിച്ച് വാങ്ങാമെന്ന നിലപാട് സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണ്.” – സാമൂഹ്യ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം ഇരട്ട ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് ധാർമ്മികമായി ശരിയല്ലെന്ന വിമർശനം ശക്തമാണ്. ജനങ്ങളോട് ‘ത്യാഗം’ സഹിക്കാൻ ആവശ്യപ്പെടുന്നവർ തന്നെ ഇത്തരം ആനുകൂല്യങ്ങൾ വേണ്ടെന്നു വയ്ക്കാൻ തയ്യാറാകണമെന്ന ആവശ്യമാണ് ഉയരുന്നത്.
![]()
