തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ശല്യം അതീവ ഗുരുതരമായ അവസ്ഥയിലേക്കെന്ന് വ്യക്തമാക്കുന്ന കണക്കുകൾ നിയമസഭയിൽ പുറത്തുവിട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. രണ്ടാം പിണറായി സർക്കാരിന്റെ കാലയളവിൽ മാത്രം കേരളത്തിൽ 15,02,737 പേർക്ക് തെരുവ് നായയുടെ കടിയേറ്റതായി മന്ത്രി അറിയിച്ചു. 2026 ജനുവരി 27-ന് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ നൽകിയത്.
അഞ്ച് വർഷത്തിനിടെ പേവിഷബാധയേറ്റ് 122 പേർക്ക് ജീവൻ നഷ്ടമായതായും മന്ത്രിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഓരോ വർഷം കഴിയുന്തോറും കടിയേൽക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടാകുന്നത്. 2021-ൽ 2.21 ലക്ഷമായിരുന്ന കേസുകൾ 2025-ൽ എത്തുമ്പോൾ 3.69 ലക്ഷമായി ഉയർന്നു.

ആശങ്കപ്പെടുത്തുന്ന കണക്കുകൾ ഒറ്റനോട്ടത്തിൽ:
| വർഷം | കടിയേറ്റവർ | മരണം (പേവിഷബാധ) |
|---|---|---|
| 2021 | 2,21,379 | 11 |
| 2022 | 2,88,866 | 27 |
| 2023 | 3,06,427 | 25 |
| 2024 | 3,16,793 | 26 |
| 2025 | 3,69,272 | 33 |
| ആകെ | 15,02,737 | 122 |
തെരുവ് നായ നിയന്ത്രണത്തിനായി നടപ്പിലാക്കുന്ന എ.ബി.സി (ABC) പദ്ധതികളുടെ ഫലപ്രാപ്തിയെക്കുറിച്ചും വാക്സിനേഷൻ ഡ്രൈവുകളെക്കുറിച്ചും വലിയ ചോദ്യങ്ങളാണ് ഈ കണക്കുകൾ ഉയർത്തുന്നത്. 2025-ൽ മാത്രം 33 പേർ മരണപ്പെട്ടത് ആരോഗ്യരംഗത്തെയും ആശങ്കയിലാക്കുന്നു.
![]()
