തിരുവനന്തപുരം: ഖജനാവ് കാലിയായിട്ടും ധൂർത്തിന് കുറവില്ലാത്ത പിണറായി സർക്കാർ, തങ്ങളുടെ ഭരണകാലയളവിലെ അവസാനത്തെ കടമെടുപ്പിനും തയ്യാറെടുക്കുന്നു. ഈ മാസം 24-ാം തീയതി 3700 കോടി രൂപയാണ് സർക്കാർ വിപണിയിൽ നിന്നും കടമെടുക്കുന്നത്. ഇതോടെ ഈ സാമ്പത്തിക വർഷത്തെ മാത്രം കടമെടുപ്പ് 50,000 കോടി എന്ന ഞെട്ടിക്കുന്ന കണക്കിലെത്തും.
കടം വാങ്ങി കുട്ടിച്ചോറാക്കിയ കേരളം
വൈദ്യുതി പരിഷ്കരണത്തിന്റെ പേരിൽ കേന്ദ്രം അനുവദിച്ച 5848 കോടി രൂപയുടെ അധിക കടമെടുപ്പ് പരിധി കൂടി ഉപയോഗപ്പെടുത്തിയാണ് സർക്കാർ ഈ കൊള്ള നടത്തുന്നത്. രണ്ട് ഗഡുക്കളായി 2924 കോടി രൂപ വീതം വായ്പയെടുക്കാൻ അനുമതി ലഭിച്ചതോടെ ഈ സാമ്പത്തിക വർഷത്ത കടമെടുപ്പ് 50000 കോടിയായി. തലമുറകളെ കടക്കെണിയിലാക്കി പിണറായിയും കൂട്ടരും പടിയിറങ്ങുമ്പോൾ ബാക്കിയാകുന്നത് ശൂന്യമായ ഖജനാവ് മാത്രം. ഒപ്പം 6 ലക്ഷം കോടിയുടെ കടബാധ്യതയും 2 ലക്ഷം കോടിയുടെ കുടിശികയും.
രണ്ട് ലക്ഷം കോടിയുടെ കുടിശിക; ധവളപത്രമില്ല!
സംസ്ഥാനത്തിന്റെ സാമ്പത്തിക നില അങ്ങേയറ്റം ദയനീയമാണ് എന്നതിന്റെ തെളിവാണ് പുറത്തുവരുന്ന കുടിശിക കണക്കുകൾ:
- ജീവനക്കാരും പെൻഷൻകാരും: ഒരു ലക്ഷം കോടി രൂപ കുടിശിക.
- മറ്റ് കുടിശികകൾ: കരാറുകാർ, സപ്ലൈകോ, മെഡിക്കൽ സർവീസ് കോർപ്പറേഷൻ, കർഷകർ, ക്ഷേമനിധികൾ എന്നിവർക്കായി മറ്റൊരു ലക്ഷം കോടി കൂടി നൽകാനുണ്ട്.
ആകെ 2 ലക്ഷം കോടി രൂപയുടെ കുടിശിക മറച്ചുവെക്കാനാണ് പ്രതിപക്ഷം ആവശ്യപ്പെട്ട ധവളപത്രം പുറത്തിറക്കാൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ ഭയപ്പെടുന്നത്. കണക്കുകൾ പുറത്തുവന്നാൽ സർക്കാരിന്റെ കള്ളക്കളി പൊളിയുമെന്ന തിരിച്ചറിവിലാണ് ഈ ഒളിച്ചുകളി.
കടക്കെണിയുടെ നായകൻ പിണറായി?
കേരളത്തെ സാമ്പത്തികമായി തകർത്തുതരിപ്പണമാക്കിയ സർക്കാർ എന്ന കുപ്രസിദ്ധിയോടെയാണ് രണ്ടാം പിണറായി സർക്കാരിന്റെ ഈ കാലയളവ് അവസാനിക്കുന്നത്. കോടികൾ കടമെടുത്ത് ധൂർത്തടിച്ചതല്ലാതെ, മറ്റൊന്നിനും ഈ സർക്കാരിന് സാധിച്ചില്ല. ഓരോ മലയാളിയുടെ തലയിലും ലക്ഷങ്ങളുടെ കടബാധ്യത കെട്ടിവെച്ച് സർക്കാർ പടിയിറങ്ങുമ്പോൾ കേരളം ഇനി എങ്ങനെ കരകയറും എന്ന ചോദ്യം ബാക്കിയാകുന്നു.
![]()
