ന്യൂഡൽഹി: രാജ്യത്തെ ക്രൈസ്തവ സഭകളെയും അനുബന്ധ സന്നദ്ധ സംഘടനകളെയും വരിഞ്ഞുമുറുക്കാൻ ലക്ഷ്യമിട്ട് വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (FCRA) വിപ്ലവകരമായ ഭേദഗതികളുമായി കേന്ദ്ര സർക്കാർ. പുതിയ ഭേദഗതി പ്രകാരം, നിയമലംഘനം നടത്തുന്ന സംഘടനകളുടെ ലൈസൻസ് റദ്ദാക്കുക മാത്രമല്ല, അവരുടെ കോടിക്കണക്കിന് രൂപയുടെ ആസ്തികൾ സർക്കാർ നേരിട്ട് ഏറ്റെടുക്കാനും വ്യവസ്ഥ ചെയ്യുന്നു. ഇത് വിദേശ സഹായത്തെ ആശ്രയിച്ചു പ്രവർത്തിക്കുന്ന സഭകൾക്കും മിഷനറി പ്രസ്ഥാനങ്ങൾക്കും വലിയ തിരിച്ചടിയാകും.

പ്രധാന നിയന്ത്രണങ്ങൾ ഇങ്ങനെ:
- ആസ്തികൾ കണ്ടുകെട്ടും: FCRA ലൈസൻസ് റദ്ദാക്കപ്പെട്ടാലോ, കാലാവധി കഴിഞ്ഞ് പുതുക്കാതിരുന്നാലോ ആ സ്ഥാപനത്തിന്റെ ഭൂമിയും കെട്ടിടവും ഉൾപ്പെടെയുള്ള ആസ്തികൾ കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന അതോറിറ്റി ഏറ്റെടുക്കും.
- കർശന പരിശോധന: വിദേശ ഫണ്ട് സ്വീകരിക്കുന്നതിനും വിനിയോഗിക്കുന്നതിനും പ്രത്യേക സമയക്രമവും നിബന്ധനകളും കേന്ദ്രം നിശ്ചയിക്കും.
- ജയിൽ ശിക്ഷ: നിയമലംഘകർക്ക് അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഉൾപ്പെടുത്തി ശിക്ഷാ നടപടികൾ ഏകീകരിക്കും.
- മുൻകൂർ അനുമതി: അന്വേഷണ നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് കേന്ദ്ര സർക്കാരിന്റെ പ്രത്യേക അനുമതി നിർബന്ധമാക്കും.
സഭകൾ നേരിടുന്ന പ്രതിസന്ധി
സഭകളുടെ കീഴിലുള്ള സ്കൂളുകൾ, ആശുപത്രികൾ, ജീവകാരുണ്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനത്തിനാവശ്യമായ തുക ഭൂരിഭാഗവും വിദേശത്തുനിന്നാണ് എത്തുന്നത്. പുതിയ നിയമം നിലവിൽ വരുന്നതോടെ ഈ ഫണ്ടുകളുടെ ഒഴുക്ക് നിലയ്ക്കും. ചെറിയ സാങ്കേതിക പിഴവുകൾ പോലും ലൈസൻസ് റദ്ദാക്കപ്പെടുന്നതിലേക്കും വർഷങ്ങളായി പടുത്തുയർത്തിയ സ്ഥാപനങ്ങൾ സർക്കാരിലേക്ക് കണ്ടുകെട്ടുന്നതിലേക്കും നയിക്കുമെന്ന ഭീതിയിലാണ് സഭാ നേതൃത്വങ്ങൾ.
![]()
