തിരുവനന്തപുരം: രാഷ്ട്രീയത്തിലെന്ന പോലെ ഭക്ഷണകാര്യത്തിലും കടുത്ത ചിട്ടയുള്ള വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് വെളിപ്പെടുത്തി ഫിഷറീസ് മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രിയുടെ ഭക്ഷണ ശീലങ്ങളെക്കുറിച്ചും ഡൈനിങ്ങ് ടേബിളിലെ അദ്ദേഹത്തിന്റെ രീതികളെക്കുറിച്ചും മന്ത്രി പങ്കുവെച്ച കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്.
വർഷത്തിൽ 3 മാസം മാത്രം സസ്യാഹാരം?
സംസ്ഥാനത്തെ ഫിഷറീസ് മന്ത്രിയാണെങ്കിലും മുഖ്യമന്ത്രിയുടെ മീൻ തീറ്റയെക്കുറിച്ച് സജി ചെറിയാൻ പറയുന്നത് ഇങ്ങനെ: “പിണറായി വിജയൻ വർഷത്തിൽ മൂന്ന് മാസം മാത്രമേ മീൻ കഴിക്കാറുള്ളൂ. ബാക്കി ആറുമാസത്തോളം അദ്ദേഹം പൂർണ്ണമായും സസ്യാഹാരമാണ് കഴിക്കുന്നത്.” മുഖ്യമന്ത്രിയുടെ ഭക്ഷണക്രമത്തിലെ ഈ കൃത്യനിഷ്ഠ അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഭക്ഷണം കഴിക്കുമ്പോൾ വർത്തമാനം വേണ്ട’
ഭക്ഷണം കഴിക്കുന്ന സമയത്ത് ചുറ്റും കൂടി നിന്ന് സംസാരിക്കുന്നതോ തമാശ പറയുന്നതോ മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെന്ന് സജി ചെറിയാൻ പറയുന്നു.
”എല്ലാറ്റിനും കൃത്യമായ ചിട്ടവട്ടമുള്ള ആളാണ് അദ്ദേഹം. ഭക്ഷണം കഴിക്കുമ്പോൾ അവിടെ ചെന്നിട്ട് കൊച്ചു വർത്തമാനം പറഞ്ഞാൽ അദ്ദേഹത്തിന് ഇഷ്ടമല്ല. അദ്ദേഹത്തിന് സ്വതന്ത്രമായി ഭക്ഷണം കഴിക്കണം. അത് അദ്ദേഹത്തിൻ്റെ രീതിയാണ്. അദ്ദേഹം ആരെയും ശല്യപ്പെടുത്താൻ പോകാറില്ല.” – മന്ത്രി സജി ചെറിയാൻ
ചിലർ സ്നേഹം പ്രകടിപ്പിക്കാൻ വേണ്ടി ഭക്ഷണം വിളമ്പിക്കൊടുക്കാൻ ശ്രമിക്കുമ്പോൾ അദ്ദേഹം അത് തടയാറുണ്ടെന്നും മന്ത്രി ഓർത്തെടുത്തു. “സാർ ഇത് അങ്ങോട്ട് ഇടട്ടേ എന്ന് ചോദിച്ചാൽ, അങ്ങോട്ട് മാറി നിൽക്കാൻ അദ്ദേഹം പറയും. ഞാൻ കഴിച്ചോളാം എന്നാണ് അദ്ദേഹത്തിന്റെ മറുപടി. ഇത് എന്നോടും അദ്ദേഹം പറഞ്ഞിട്ടുണ്ട്,” സജി ചെറിയാൻ ചിരിയോടെ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഈ കണിശത ഭക്ഷണത്തോടുള്ള അദ്ദേഹത്തിന്റെ സമീപനത്തിന്റെ ഭാഗമാണെന്നും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ സ്വന്തം കാര്യങ്ങൾ ചെയ്യാനാണ് അദ്ദേഹം എപ്പോഴും താല്പര്യപ്പെടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
![]()
