തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങവേ, സംസ്ഥാന ഭരണകൂടത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപനം സംബന്ധിച്ച സൂചനകൾ പുറത്ത്. മാർച്ച് 13-ഓടെ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകുമെന്നാണ് സൂചന. ഇതോടെ, പിണറായി വിജയൻ സർക്കാരിന് സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാനുള്ള സമയം വെറും 19 ദിവസമായി ചുരുങ്ങും.
മന്ത്രിസഭാ യോഗങ്ങൾ കൂട്ടി; ലക്ഷ്യം തിരുകിക്കയറ്റൽ
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം (Model Code of Conduct) നിലവിൽ വന്നാൽ പുതിയ പദ്ധതികൾ പ്രഖ്യാപിക്കാനോ നിർണ്ണായക നിയമനങ്ങൾ നടത്താനോ സർക്കാരിന് സാധിക്കില്ല. ഇത് മറികടക്കാൻ ആഴ്ചയിൽ ഒരിക്കൽ ചേരുന്ന മന്ത്രിസഭാ യോഗം രണ്ടോ മൂന്നോ തവണയായി വർദ്ധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. വിവിധ വകുപ്പുകളിൽ താൽക്കാലികമായി ജോലി ചെയ്യുന്ന ഇടത് അനുഭാവികളെയും ‘സഖാക്കളെയും’ സ്ഥിരപ്പെടുത്താനുള്ള ഫയലുകളിൽ എത്രയും വേഗം ഒപ്പിട്ടു തീർക്കാനാണ് ഈ നീക്കമെന്നാണ് ആരോപണം.
കൗണ്ട് ഡൗൺ ആരംഭിച്ചു; സർക്കാരിന് നെഞ്ചിടിപ്പ്
മാർച്ച് 13-ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ സർക്കാരിന് ലഭിക്കുന്ന പ്രവൃത്തി ദിനങ്ങൾ 19 മാത്രമാണ്. ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ വിവാദമായേക്കാവുന്ന പല തീരുമാനങ്ങളും നടപ്പിലാക്കാൻ വകുപ്പുകൾ പരക്കം പായുകയാണ്. എന്നാൽ അതിശക്തമായ ഭരണവിരുദ്ധ വികാരവും സമീപകാലത്ത് ഉയർന്നുവന്ന ശബരിമല സ്വർണ്ണക്കൊള്ള വിവാദങ്ങളും സർക്കാരിന് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണത്തിന്റെ കൗണ്ട് ഡൗൺ ആരംഭിച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മുഖ്യമന്ത്രി കസേരയിൽ സ്വന്തം നിലയിൽ തീരുമാനമെടുക്കാൻ പിണറായി വിജയന് മുന്നിൽ അവശേഷിക്കുന്നത് വെറും 19 ദിവസങ്ങൾ മാത്രം.
![]()
