തിരുവനന്തപുരം: കേരള ഭരണസിരാകേന്ദ്രത്തിൽ നിർണ്ണായക നീക്കങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും അടുത്ത വിശ്വസ്തനായി അറിയപ്പെടുന്ന ചീഫ് സെക്രട്ടറി എ. ജയതിലക് കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ രാജിവെക്കാൻ ഒരുങ്ങുന്നതായി സൂചന. 2026 ജൂൺ വരെ സർവീസിലുണ്ടെങ്കിലും, നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സർക്കാരിന് തിരിച്ചടിയായാൽ മെയ് മാസത്തിൽ തന്നെ അദ്ദേഹം പദവി ഒഴിയും.
ഭരണമാറ്റം പ്രവചിച്ച് ഇന്റലിജൻസ് റിപ്പോർട്ട്?
നിലവിലെ രാഷ്ട്രീയ സാഹചര്യം സർക്കാരിന് അനുകൂലമല്ലെന്ന വ്യക്തമായ സൂചനകൾ ചീഫ് സെക്രട്ടറിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഭരണവിരുദ്ധ വികാരം ശക്തമായതിനാൽ യു.ഡി.എഫ് അധികാരത്തിൽ വരാനുള്ള സാധ്യതയാണ് അദ്ദേഹം കണക്കുകൂട്ടുന്നത്. ഒരു ഭരണമാറ്റമുണ്ടായാൽ പുതിയ സർക്കാർ തനിക്കെതിരെ കർശന നടപടികളിലേക്ക് നീങ്ങുമെന്ന് ജയതിലക് ഭയപ്പെടുന്നു.
മുഖ്യമന്ത്രിയുടെ ‘കുടുംബ സുഹൃത്ത്’, പിന്നാലെ അഴിമതി ആരോപണങ്ങളും
മുഖ്യമന്ത്രി പിണറായി വിജയനുമായും അദ്ദേഹത്തിന്റെ കുടുംബവുമായും അസാധാരണമായ ആത്മബന്ധം പുലർത്തുന്ന ഉദ്യോഗസ്ഥനാണ് ജയതിലക്. പിണറായി സർക്കാരിന്റെ കാലത്ത് ഉയർന്ന നിരവധി അഴിമതി ആരോപണങ്ങളിൽ ജയതിലകിന്റെ പേരും പരാമർശിക്കപ്പെട്ടിരുന്നു. പ്രതിപക്ഷം ഈ വിഷയങ്ങൾ സജീവമായി ഉന്നയിച്ചിട്ടും മുഖ്യമന്ത്രി ജയതിലകിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ, സർക്കാർ മാറിയാൽ ഈ ‘സുരക്ഷാ കവചം’ നഷ്ടപ്പെടുമെന്നും നിരവധി വിജിലൻസ് അന്വേഷണങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം ആശങ്കപ്പെടുന്നു.
മെയ് മാസത്തിൽ രാജി?
മെയ് ആദ്യവാരത്തോടെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും. എൽ.ഡി.എഫിന് തുടർഭരണം ലഭിച്ചില്ലെങ്കിൽ ഫലം വന്നാലുടൻ തന്നെ സ്ഥാനമൊഴിയാനാണ് ജയതിലകിന്റെ തീരുമാനം. അടുത്ത ചീഫ് സെക്രട്ടറിയെ സംബന്ധിച്ച ചർച്ചകളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
അടുത്ത ചീഫ് സെക്രട്ടറി ആര്?
നിലവിൽ സീനിയർ ഉദ്യോഗസ്ഥനായ മനോജ് ജോഷി കേന്ദ്ര സർവീസിൽ ഡെപ്യൂട്ടേഷനിലാണ്. അതുകൊണ്ടാണ് ഡോ. വേണു, ശാരദ മുരളീധരൻ, ജയതിലക് എന്നിവർക്ക് ചീഫ് സെക്രട്ടറി പദം ലഭിച്ചത്. മനോജ് ജോഷി ഇത്തവണയും കേരളത്തിലേക്ക് മടങ്ങി വന്നില്ലെങ്കിൽ ബിശ്വനാഥ് സിൻഹ കേരളത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയാകും.
![]()
