തിരുവനന്തപുരം: ഇടതു സർക്കാരിന്റെ അവസാന ബജറ്റ് സർക്കാർ ജീവനക്കാരെ സംബന്ധിച്ചിടത്തോളം കേവലം ഒരു ‘ആഗോള തട്ടിപ്പ്’ മാത്രമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. ശമ്പള പരിഷ്കരണവും ഡി.എ കുടിശ്ശികയും ഉൾപ്പെടെയുള്ള ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങളെ സർക്കാർ പൂർണ്ണമായും അവഗണിച്ചുവെന്ന് കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് കുറ്റപ്പെടുത്തി. ബജറ്റിലെ അവഗണനയിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും ബജറ്റ് പ്രസംഗം കത്തിക്കലും സംഘടിപ്പിച്ചു.
അട്ടിമറിക്കപ്പെട്ട ശമ്പള പരിഷ്കരണം
ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുമെന്നും മൂന്ന് മാസത്തെ കാലാവധി നിശ്ചയിച്ചുവെന്നുമുള്ള പ്രഖ്യാപനം ജീവനക്കാരുടെ കണ്ണിൽ പൊടിയിടാനാണെന്ന് ആക്ഷൻ കൗൺസിൽ ആരോപിച്ചു. ഈ സർക്കാരിന്റെ അവശേഷിക്കുന്ന കാലയളവിൽ ശമ്പള പരിഷ്കരണം നടക്കില്ലെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. അഞ്ചു വർഷത്തിലൊരിക്കൽ ശമ്പള പരിഷ്കരണം എന്ന തത്വം ഇതോടെ അട്ടിമറിക്കപ്പെട്ടു. അഞ്ച് വർഷം പൂർത്തിയാക്കിയിട്ടും ശമ്പള പരിഷ്കരണം നടപ്പിലാക്കാത്ത ആദ്യ സർക്കാരായി രണ്ടാം പിണറായി സർക്കാർ മാറിയെന്നും ഇർഷാദ് പറഞ്ഞു.
ഡി.എ കബളിപ്പിക്കൽ ആവർത്തിക്കുന്നു
2021-ൽ ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് നടപ്പിലാക്കിയ അതേ കബളിപ്പിക്കൽ തന്ത്രമാണ് ഇപ്പോഴും പയറ്റുന്നത്. അന്ന് 16% വരുന്ന നാല് ഗഡു ഡി.എ ഒരുമിച്ച് നൽകി കുടിശ്ശിക കവരുകയായിരുന്നു. തുടർന്ന് 39 മാസക്കാലം ഒരു ഡി.എ പോലും നൽകിയില്ല. ഇപ്പോഴത്തെ പ്രഖ്യാപനവും സമാനമായ രീതിയിലുള്ളതാണ്. ഡി.എയുടെ മുൻകാല പ്രാബല്യം നിഷേധിച്ചുകൊണ്ടുള്ള അധിക ബാധ്യത അടുത്ത സർക്കാരിന്റെ ചുമലിൽ വെച്ചൊഴിയാനാണ് ഇടതുഭരണം ശ്രമിക്കുന്നതെന്ന് കൗൺസിൽ വിമർശിച്ചു.
അഷ്വേർഡ് പെൻഷൻ ഒരു ‘ജലരേഖ’
പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന ഇടതുമുന്നണിയുടെ വാഗ്ദാനം വെറും ജലരേഖയായി മാറിയിരിക്കുകയാണ്. സർക്കാർ പ്രഖ്യാപിച്ച അഷ്വേർഡ് പെൻഷൻ പദ്ധതി യഥാർത്ഥത്തിൽ പങ്കാളിത്ത പെൻഷൻ തന്നെയാണെന്നും ഇത് ജീവനക്കാർക്ക് സ്വീകാര്യമല്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. പരമാവധി പെൻഷൻ 50 ശതമാനമായി നിജപ്പെടുത്തിയതോടെ മിനിമം പെൻഷൻ ഉറപ്പില്ലാതായി. ഗ്രാറ്റുവിറ്റി എന്ന ദീർഘകാലത്തെ ആവശ്യവും സർക്കാർ തള്ളിക്കളഞ്ഞു.
പ്രതിഷേധം ആളിപ്പടരുന്നു
ബജറ്റിലെ വഞ്ചനയ്ക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ ജീവനക്കാർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തുടർന്ന് ഇടതു സർക്കാരിന്റെ കോലവും ബജറ്റ് പ്രസംഗത്തിന്റെ പകർപ്പും കത്തിച്ചു.
![]()
