വടകര: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിന് പിന്നാലെ, സോഷ്യൽ മീഡിയയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ സൈബർ ആക്രമണവുമായി പി. സരിൻ. ഇന്നലെ മാത്രം ഒൻപത് ഫേസ്ബുക്ക് പോസ്റ്റുകളാണ് സരിൻ പങ്കുവെച്ചത്. പാലക്കാട് തോൽവിയിൽ നിന്ന് സരിൻ മുക്തനായിട്ടില്ലെന്നാണ് രാഷ്ട്രിയ കേന്ദ്രങ്ങളിലെ സംസാര വിഷയം.
കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ സരിൻ, പാലക്കാട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് വലിയ തിരിച്ചടിയായിരുന്നു. എന്നാൽ, കോൺഗ്രസ് വിട്ടു വരുന്നവർക്ക് സർക്കാർ പദവികൾ നൽകുന്ന പതിവ് ശൈലി പിണറായി സർക്കാർ സരിന്റെ കാര്യത്തിലും ആവർത്തിച്ചു. ‘വിജ്ഞാന കേരളം’ പദ്ധതിയിൽ സ്ട്രാറ്റജിക് അഡ്വൈസർ എന്ന തസ്തിക സൃഷ്ടിച്ചാണ് സരിനെ സർക്കാർ പുനരധിവസിപ്പിച്ചത്.
ശമ്പളം 80,000; ജോലി ഫേസ്ബുക്ക് പോസ്റ്റ്!
പ്രതിമാസം 80,000 രൂപ ശമ്പളവും സർക്കാർ കാറും സരിന് അനുവദിച്ചിട്ടുണ്ട്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സർക്കാർ സംവിധാനത്തിലിരുന്ന് സരിൻ ചെയ്യുന്നത് വെറും സൈബർ ക്വട്ടേഷൻ പണിയാണെന്ന വിമർശനം ശക്തമാണ്. ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ പിടിയിലായ സമയം മുതൽ അർദ്ധരാത്രി വരെ സരിൻ ഫേസ്ബുക്കിൽ ചൊരിഞ്ഞ സൈബർ ക്യാപ്സ്യൂളുകൾ ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജോലി എന്താണെന്ന് വ്യക്തമാക്കാത്ത ‘അഡ്വൈസർ’ പദവിയിലിരുന്ന് രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കുന്ന സരിന്റെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. തോൽവി സമ്മതിക്കാൻ കഴിയാതെ, സർക്കാർ ശമ്പളത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന സരിൻ ജനാധിപത്യത്തിന് തന്നെ അപമാനമാണെന്ന ആക്ഷേപമാണ് ഉയരുന്നത്.
![]()
