തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഔദ്യോഗിക വാഹനത്തിൽ കയറ്റിയത് രാഷ്ട്രീയ വിവാദമായിരിക്കെ, വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വെള്ളാപ്പള്ളി നടേശനെ തന്റെ കാറിൽ കയറ്റാൻ തനിക്ക് മടിയൊന്നുമില്ലെന്നും, താൻ എല്ലാവരെയും കാറിൽ കയറ്റുന്ന കൂട്ടത്തിലാണെന്നും ചെന്നിത്തല വ്യക്തമാക്കി.
”വെള്ളാപ്പള്ളി നടേശനെ മാത്രമല്ല, എല്ലാവരെയും കാറിൽ കയറ്റുന്ന ആളാണ് ഞാൻ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ കാറിൽ നിറയെ ആളുകളുമായി പോകുന്നത് നിങ്ങൾ കണ്ടിട്ടില്ലേ?” – ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ സാധാരണഗതിയിൽ ആരെയും കാറിൽ കയറ്റാത്ത ആളായതുകൊണ്ടാണ് വെള്ളാപ്പള്ളിയുമായുള്ള യാത്ര ഇത്ര വലിയ വിവാദമായതെന്നും അദ്ദേഹം പരിഹസിച്ചു.
വർഗീയതയ്ക്ക് സർട്ടിഫിക്കറ്റ് നൽകാനില്ല
വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയാണോ എന്ന ചോദ്യത്തിന്, താൻ ആർക്കും അത്തരത്തിൽ സർട്ടിഫിക്കറ്റ് നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. എന്നാൽ, മുൻപ് താൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്തെ നടപടികൾ അദ്ദേഹം ഓർമ്മിപ്പിച്ചു.
”2015-ൽ ഞാൻ ആഭ്യന്തരമന്ത്രിയായിരുന്ന സമയത്ത് വർഗീയ പരാമർശം നടത്തിയതിന് വെള്ളാപ്പള്ളി നടേശനെതിരെ FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ അദ്ദേഹം എന്നെ കാണുമ്പോഴെല്ലാം പരിഭവം പറയാറുമുണ്ട്,” – ചെന്നിത്തല കൂട്ടിച്ചേർത്തു.
![]()
