തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഇടത് ക്യാമ്പിനെ ഞെട്ടിച്ച് പ്രമുഖ ഇടതുപക്ഷ സഹയാത്രികൻ റെജി ലൂക്കോസ് ബി.ജെ.പിയിലേക്ക്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും റെജി ലൂക്കോസ് പാർട്ടി അംഗത്വം സ്വീകരിച്ചു. കഴിഞ്ഞ കുറേ വർഷങ്ങളായി ചാനൽ ചർച്ചകളിൽ പിണറായി സർക്കാരിനും സിപിഎമ്മിനും വേണ്ടി ശക്തമായ പ്രതിരോധം തീർത്തിരുന്ന വ്യക്തിയുടെ അപ്രതീക്ഷിത മാറ്റം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
വികസനത്തോടൊപ്പം, വർഗീയതയ്ക്ക് എതിരെയും: റെജി ലൂക്കോസ്
ബി.ജെ.പിയുടെ വികസന നിലപാടുകൾ തന്നെ വല്ലാതെ ആകർഷിച്ചുവെന്ന് അംഗത്വം സ്വീകരിച്ച ശേഷം റെജി ലൂക്കോസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വികസന പ്രവർത്തനങ്ങൾ കേരളത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ, കഴിഞ്ഞ കുറേ നാളുകളായി സി.പി.എം കേരളത്തിൽ വർഗീയ വിഭജനത്തിനായി നടത്തുന്ന ആശയ വ്യതിയാനം തന്നെ വല്ലാതെ ദുഃഖിപ്പിച്ചു. ഈ ഒരു സാഹചര്യത്തിലാണ് താൻ പാർട്ടി മാറാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി
മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും വിശ്വസ്തരായ വാദകരിൽ ഒരാളായിരുന്നു റെജി ലൂക്കോസ്. സോഷ്യൽ മീഡിയയിലും ദൃശ്യമാധ്യമങ്ങളിലും സർക്കാരിനെതിരെയുള്ള വിമർശനങ്ങളെ സധൈര്യം നേരിട്ടിരുന്ന റെജി ലൂക്കോസിന്റെ വിടവാങ്ങൽ സി.പി.എമ്മിന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും ആശയപരമായ തകർച്ചയുമാണ് റെജി ലൂക്കോസിനെ ബി.ജെ.പിയിലേക്ക് നയിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
റെജി ലൂക്കോസിന്റെ ബി.ജെ.പി പ്രവേശനത്തോടെ വരും ദിവസങ്ങളിൽ കൂടുതൽ ഇടതുപക്ഷ അനുഭാവികൾ പാർട്ടിയോട് വിട പറയുമെന്ന സൂചനയും ബി.ജെ.പി നേതൃത്വം നൽകുന്നുണ്ട്.
![]()
