തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കയ്യൂർ രക്തസാക്ഷി സ്മാരക മന്ദിരത്തിന്റെ പുനരുദ്ധാരണത്തിനായി അഞ്ച് കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. ട്രഷറി നിയന്ത്രണങ്ങൾ കർശനമായി തുടരുന്നതിനിടയിലാണ് സാംസ്കാരിക വകുപ്പ് പണം അനുവദിച്ചുകൊണ്ട് ഡിസംബർ 31-ന് ഉത്തരവിറങ്ങിയത്.

2022-23 ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണിത്. ഭരണാനുമതി ലഭിക്കാതിരുന്ന പ്രവൃത്തിയായിരുന്നിട്ടാണ് ഇത് ബജറ്റിൽ ഇടം പിടിച്ചത്. സർക്കാരിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് നടപടികൾ വേഗത്തിലാക്കിയത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ ഡെപ്പോസിറ്റ് ശീർഷകത്തിൽ (8443-00-108-PWD Deposit) നിന്നാണ് തുക ലഭ്യമാക്കുക.
കഴിഞ്ഞ ഓഗസ്റ്റ് മുതൽ ട്രഷറി നിയന്ത്രണം 10 ലക്ഷം രൂപയായി നിജപ്പെടുത്തിയിരിക്കുകയാണ്. വികസന പ്രവർത്തനങ്ങൾക്കും ശമ്പള വിതരണത്തിനും പോലും പണം കണ്ടെത്താൻ സർക്കാർ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് സ്മാരക മന്ദിരത്തിനായി കോടികൾ വകയിരുത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
![]()
