തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ‘സ്വർണക്കള്ളൻ’ എന്ന് വിളിക്കരുതെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് അഭ്യർത്ഥിച്ചു. താൻ നൽകിയ മാനനഷ്ടക്കേസിലെ കോടതി നടപടികൾക്കിടെയാണ് കടകംപള്ളിയുടെ അഭിഭാഷകൻ ഈ ആവശ്യം ഉന്നയിച്ചത്.
ശബരിമലയിലെ ദ്വാരപാലക ശിൽപ്പം വിറ്റത് ആർക്കാണെന്ന് കടകംപള്ളിക്ക് അറിയാമെന്ന് വി.ഡി. സതീശൻ ആരോപിച്ചിരുന്നു. തുടർന്ന് കടകംപള്ളി നിയമനടപടി സ്വീകരിച്ചു. ആദ്യം 2 കോടി രൂപ ആവശ്യപ്പെട്ടാണ് മാനനഷ്ടക്കേസ് നൽകിയതെങ്കിലും പിന്നീട് ഇത് 10 ലക്ഷമായി കുറച്ചു. കേസിൽ പ്രതിപക്ഷ നേതാവ് കോടതിയിൽ മറുപടി നൽകിയിരുന്നു.
കേസിൻ്റെ വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടെ, ‘അയ്യപ്പൻ്റെ സ്വർണ്ണം കട്ടവൻ’ എന്ന പരാമർശം തുടരുന്നത് ഒഴിവാക്കാമോ എന്ന് കടകംപള്ളിയുടെ വക്കീൽ കോടതിയിൽ അഭ്യർത്ഥിച്ചു. എന്നാൽ, പ്രതിപക്ഷ നേതാവിനോട് ചോദിച്ച ശേഷം മറുപടി നൽകാമെന്നാണ് വി.ഡി. സതീശൻ്റെ വക്കീൽ മറുപടി നൽകിയത്.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുമെന്ന വാർത്തകൾ സജീവമാകുന്നതിനിടെയാണ് അദ്ദേഹത്തിൻ്റെ ഭാഗത്തുനിന്നും ഇത്തരമൊരു വിചിത്രമായ ആവശ്യം കോടതിയിൽ ഉയർന്നതെന്നതും ശ്രദ്ധേയമാണ്.
![]()
