മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ‘വാക്കും പഴയ ചാക്കും’ പോലെ; നിയമസഭാ കണക്കുകൾ പുറത്ത്
തിരുവനന്തപുരം: 2021-ലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ സുപ്രധാന പ്രഖ്യാപനം പാഴായി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ (CAA) സമരം ചെയ്തവരുടെ കേസുകൾ പിൻവലിക്കുമെന്നായിരുന്നു പ്രഖ്യാപനം. മന്ത്രിസഭാ തീരുമാനമായി അവതരിപ്പിക്കുകയും ഉത്തരവിറക്കുകയും ചെയ്ത ഈ പ്രഖ്യാപനം അഞ്ച് വർഷം പിന്നിടുമ്പോൾ എവിടെയെത്തി എന്ന് പരിശോധിക്കുമ്പോൾ സർക്കാരിൻ്റെ ഇരട്ടത്താപ്പ് വ്യക്തമാകുന്നു.
പൗരത്വ ഭേദഗതി നിയമന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം 843 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. ഇതിൽ പിൻവലിച്ചത് കേവലം 112 കേസുകൾ മാത്രമാണ്. 2025 സെപ്റ്റംബർ 30-ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്.
93 കേസുകൾ രജിസ്റ്റർ ചെയ്ത മലപ്പുറം ജില്ലയിൽ ഒരു കേസുപോലും പിൻവലിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ കണക്കുകൾ സ്ഥിരീകരിക്കുന്നു. ഇടുക്കി, കാസർഗോഡ്, കൊല്ലം എന്നീ ജില്ലകളിലും ഒരു കേസുകൾ പോലും പിൻവലിച്ചില്ല.
’വാക്കും പഴയ ചാക്കും’ പോലെയായി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. 2021-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ നേടാനുള്ള തന്ത്രം മാത്രമായിരുന്നു കേസ് പിൻവലിക്കൽ പ്രഖ്യാപനമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പിണറായി സർക്കാരിൻ്റെ ഈ ‘കപടത’ പ്രതിപക്ഷം പ്രധാന പ്രചാരണ വിഷയമായി ഉയർത്തിയിട്ടുണ്ട്.
![]()
