തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ പുരോഗമിക്കവേ, സിപിഎമ്മിൻ്റെ ശബരിമല സ്വർണ്ണക്കൊള്ളയും മാങ്കൂട്ടത്തിൻ്റെ ‘ഗർഭം കലക്കൽ’ ആരോപണവും തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിൽ ആദ്യഘട്ടത്തിൽ കോൺഗ്രസ് നിർണ്ണായക വിജയം നേടി. ആരോപണവിധേയനായ മാങ്കൂട്ടത്തെ ഇന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയതോടെയാണ് കോൺഗ്രസ് ഈ വിജയം കൈവരിച്ചത്.
കോടതി മുൻകൂർ ജാമ്യം നിഷേധിക്കുന്നതുവരെ മാങ്കൂട്ടത്തെ പുറത്താക്കാൻ കാത്തിരിക്കേണ്ടതുണ്ടോ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. രണ്ടാമത്തെ പരാതി വന്നപ്പോൾ തന്നെ നടപടിയെടുത്തിരുന്നെങ്കിൽ പാർട്ടിയുടെ തിളക്കം വർധിക്കുമായിരുന്നു. എന്തായാലും ഒടുവിൽ മാങ്കൂട്ടത്തെ പുറത്താക്കി കോൺഗ്രസ് തങ്ങളുടെ മുഖം രക്ഷിച്ചു.
ഇതിലൂടെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പ്രധാന പ്രചാരണ വിഷയമാക്കാൻ ശ്രമിച്ച ‘ഗർഭം കലക്കൽ’ അജണ്ടയെ പൊളിച്ച് കൊടുക്കാനും യു.ഡി.എഫിന് സാധിച്ചു. നിലവിൽ അന്തരീക്ഷത്തിലുള്ളത് സി.പി.എം നേതാക്കൾ പ്രതികളായ ശബരിമല സ്വർണ്ണക്കൊള്ളയാണ്. കൊള്ളയിൽ അറസ്റ്റിലായ സി.പി.എം നേതാവ് പത്മകുമാറിനെതിരെ ഇതുവരെ ഒരു നടപടി പോലും എടുക്കാൻ സി.പി.എമ്മിന് സാധിച്ചിട്ടില്ല.
അഞ്ചാം ദിനം തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുമ്പോൾ, ശബരിമല സ്വർണ്ണക്കൊള്ളയിലെ സി.പി.എമ്മിന്റെ പങ്ക് ആയിരിക്കും ജനങ്ങളുടെ മനസ്സിൽ പ്രധാനമായും ഉണ്ടാവുക. ഗർഭം കലക്കൻ ആരോപണം ഉപയോഗിച്ച് ശബരിമല സ്വർണ്ണക്കൊള്ളയെ മറികടക്കാനുള്ള സി.പി.എമ്മിന്റെ പ്രചാരണ തന്ത്രങ്ങൾക്കാണ് മാങ്കൂട്ടത്തെ പുറത്താക്കി കോൺഗ്രസ് ‘മണിച്ചിത്രത്താഴിട്ട്’ പൂട്ടിയിരിക്കുന്നത്. ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ തേരോട്ടം ഉറപ്പായിരിക്കുകയാണ്.
![]()
