തിരുവനന്തപുരം: ജോലി സമ്മർദ്ദത്താൽ ജീവനൊടുക്കിയ ബി.എൽ.ഒയോട് (ബൂത്ത് ലെവൽ ഓഫീസർ) ഐക്യദാർഢ്യം പ്രകടിപ്പിച്ച്, പ്രതീകാത്മക തൂങ്ങിമരണം ആവിഷ്ക്കരിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ചീഫ് ഇലക്ടറൽ ഓഫീസിലേക്ക് മാർച്ച് നടത്തി. “എസ്.ഐ.ആർ മരണക്കെണിയാണ്”, “ഇനിയും എത്ര ജീവൻ വേണം, ഒന്ന് കണ്ണ് തുറക്കാൻ?”, “തെരഞ്ഞെടുപ്പ് കമ്മീഷൻ ആരാച്ചാരോ?” തുടങ്ങിയ ചോദ്യങ്ങൾ ഉയർത്തിയായിരുന്നു മഴയത്തും ശക്തമായ പ്രതിഷേധം.

അഞ്ചോളം ബി.എൽ.ഒമാർ കൊലക്കയറിൽ കിടക്കുന്നതായി ചിത്രീകരിച്ച പ്ലക്കാർഡുകളുമായാണ് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സമരം നടത്തിയത്. “അടുത്തത് ഞാനോ, എസ്.ഐ.ആർ രക്തസാക്ഷി ആകാനോ എൻ്റെ വിധി?”, “മരണക്കെണി”, “ഇത് എൻ്റെ വിധി” തുടങ്ങിയ വാചകങ്ങളും പ്ലക്കാർഡുകളിൽ ഉണ്ടായിരുന്നു.
മാർച്ച് കൺവീനർ എം.എസ്. ഇർഷാദ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നടക്കുന്നത് എസ്.ഐ.ആർ (സ്‌പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ) അല്ല, എസ്.ഡി.ആർ (സ്റ്റാഫ് ഡെത്ത് റിവിഷൻ) ആണെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെ പോയാൽ ഡിസംബർ നാലാകുമ്പോൾ സ്‌പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ സ്റ്റാഫ് ഡെത്ത് റിവിഷനാകും. അത്രയ്ക്ക് മാനസിക സമ്മർദ്ദമാണ് ജീവനക്കാർ അനുഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അസാധ്യമായ ടാർഗറ്റുകൾ ജീവനക്കാർക്ക് മേൽ:
48 മണിക്കൂറിനുള്ളിൽ 3000 ഫോമുകൾ എന്യൂമറേഷന് വിതരണം ചെയ്യുകയെന്ന അസാധ്യമായ ടാർഗറ്റാണ് ബി.എൽ.ഒമാർക്ക് മേൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അടിച്ചേൽപ്പിക്കുന്നത്. ജീവനക്കാർ സഹിക്കാനാകാത്ത പീഡനത്തിന് വിധേയരാകുമ്പോൾ, സഹതാപം കാട്ടുന്നതിന് പകരം തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ട് രസിക്കുകയും പീഡനം തുടർന്ന് സാഡിസ്റ്റുകളായി മാറുകയും ചെയ്യുന്നുവെന്ന് ഇർഷാദ് അഭിപ്രായപ്പെട്ടു.
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി. പുരുഷോത്തമൻ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എസ്. പ്രദീപ് കുമാർ, ജനറൽ സെക്രട്ടറി ബി. നൗഷാദ്, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ഡി. ശ്രീനിവാസ്, കെ.എം. അനിൽകുമാർ, എ. സുധീർ, തിബീൻ നീലാoബരൻ, ജി.ആർ. ഗോവിന്ദ്, പി.എൻ. മനോജ് കുമാർ, സി.സി. റൈസ്റ്റൺ പ്രകാശ്, എൻ. സുരേഷ് കുമാർ, സജീവ് പരിശവിള, എൻ. റീജ, വി. ഉമൈബ, ജി.എസ്. കീർത്തി നാഥ്, ഗിരീഷ് കുമാർ, ഷിബു ഇബ്രാഹിം, പ്രതിഭ അനിൽ, വി.എസ്. ഷീബ തുടങ്ങിയവർ സംസാരിച്ചു.
![]()
