തിരുവനന്തപുരം കോർപ്പറേഷനിൽ സി.പി.എമ്മിൻ്റെ ‘കണ്ണടച്ച് ജയം’ ഇത്തവണ അവസാനിക്കുമോ? രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത് മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കോർപ്പറേഷൻ ഭരണം സി.പി.എമ്മിനെ കൈവിടുമെന്നാണ്. ഒരിക്കലും ഇല്ലാത്ത വിധം ചടുലമായ പ്രവർത്തനങ്ങളുമായി കോൺഗ്രസ് തിരഞ്ഞെടുപ്പ് രംഗത്ത് മുന്നിലെത്തിയതോടെയാണ് സി.പി.എമ്മിൻ്റെ നില പരുങ്ങലിലായത്.
മേയർ, ഡെപ്യൂട്ടി മേയർ എന്നിവർക്ക് സീറ്റ് നിഷേധിച്ച് ഭരണവിരുദ്ധ വികാരം മറികടക്കാൻ സി.പി.എം ശ്രമിച്ചിട്ടും ജനരോഷം തടയാൻ അവർക്ക് സാധിക്കുന്നില്ല. തിരുവനന്തപുരത്തിൻ്റെ പൾസ് കൃത്യമായി അറിയാവുന്ന കെ. മുരളീധരൻ തിരഞ്ഞെടുപ്പ് ചുമതല ഏറ്റെടുത്തതോടെ സി.പി.എമ്മിൻ്റെ ചിത്രം തന്നെ മങ്ങിയെന്നാണ് വിലയിരുത്തൽ. മേയർ സ്ഥാനാർത്ഥിയായി കെ.എസ്. ശബരിനാഥൻ്റെ പേര് മുരളീധരൻ മുന്നോട്ട് വെച്ചതും കോൺഗ്രസ് നടത്തിയ നീക്കവും ജനങ്ങൾ ആവേശത്തോടെയാണ് സ്വീകരിച്ചത്.
കോൺഗ്രസ് തളർന്നു കിടന്ന തിരുവനന്തപുരത്ത് മുരളീധരൻ്റെ രംഗപ്രവേശനത്തോടെ പ്രവർത്തകരിൽ വർദ്ധിത വീര്യമാണ് ഉണ്ടായിരിക്കുന്നത്. ലീഡർ കെ. കരുണാകരൻ്റെ മകനായ കെ. മുരളീധരൻ ഒരു കാര്യം ഏറ്റെടുത്താൽ അത് ഏതറ്റം വരെയും പോയി വിജയിപ്പിക്കുന്ന ശീലക്കാരനാണ്. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് തെലങ്കാനയിൽ കണ്ടത്.
തെലങ്കാനയിലെ തന്ത്രം; രേവന്ദ് റെഡ്ഡി മാതൃക!
കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവിന് കഴിയില്ലെന്ന് പലരും വിധിയെഴുതിയ തെലങ്കാനയിൽ ഗംഭീര വിജയമാണ് കോൺഗ്രസ് നേടിയത്. കൃത്യമായ സ്ഥാനാർത്ഥി നിർണയം നടത്തി തെലങ്കാനയിൽ കോൺഗ്രസ് വിജയത്തിൻ്റെ അമരക്കാരനായത് കെ. മുരളീധരനായിരുന്നു. തെലങ്കാനയിലെ കോൺഗ്രസ് സ്‌ക്രീനിംഗ് സമിതി ചെയർമാനായ അദ്ദേഹം, എല്ലാ വിഭാഗങ്ങളെയും ഉൾക്കൊണ്ടുള്ള സ്ഥാനാർത്ഥി നിർണ്ണയമാണ് നടത്തിയത്.
മുന്നണിയുടെ ഭാഗമായി നിൽക്കാൻ കോൺഗ്രസിൻ്റെ സിറ്റിംഗ് സീറ്റുകൾ ആവശ്യപ്പെട്ട സി.പി.എമ്മിനെ പടിക്ക് പുറത്താക്കിയും സി.പി.ഐയെ മുന്നണിയുടെ ഭാഗമാക്കിയും കൃത്യമായ തന്ത്രങ്ങൾ അദ്ദേഹം ആവിഷ്കരിച്ചു. ഇതിൻ്റെ ഫലമാണ്, കോൺഗ്രസ് സഖ്യത്തിൽ മത്സരിച്ച സി.പി.ഐ ഒരു സീറ്റിൽ മുന്നിലെത്തിയതും ഒറ്റയ്ക്ക് മത്സരിച്ച സി.പി.എം മുഴുവൻ സീറ്റുകളിലും പിന്നിലായതും. സീതാറാം യെച്ചൂരി ദേശീയ നേതാക്കളെ സ്വാധീനിച്ച് സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുക്കാൻ തന്ത്രങ്ങൾ മെനഞ്ഞപ്പോൾ, സംസ്ഥാന നേതാക്കളോടൊപ്പം നിന്ന് അതിന് തടയിട്ടതും മുരളീധരനാണ്. തെലങ്കാന രൂപീകരിച്ച സോണിയാ ഗാന്ധിയെ പ്രചാരണത്തിനിറക്കിയതും മുരളീധരൻ്റെ നിർദ്ദേശമായിരുന്നു.
തെലങ്കാനയിൽ രേവന്ദ് റെഡ്ഡിയെ മുഖ്യമന്ത്രിയാക്കിയതുപോലെ, തിരുവനന്തപുരത്ത് കെ.എസ്. ശബരിനാഥനെ മേയറാക്കാനുള്ള തന്ത്രങ്ങളാണ് കെ. മുരളീധരൻ പയറ്റുന്നത്.
![]()
