തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള ധനവകുപ്പിന്റെ അവഗണന വലിയ രാഷ്ട്രീയ ചർച്ചയായി മാറുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കാനിരിക്കെയാണ് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വകുപ്പ് കോർപ്പറേഷനുകൾക്ക് അനുവദിച്ച ബജറ്റ് വിഹിതത്തിൽ കടുത്ത കുറവ് വരുത്തിയത്.
14% മാത്രം അനുവദിച്ചു
സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകൾക്കായി ഇത്തവണ സംസ്ഥാന ബജറ്റിൽ 1045.57 കോടി രൂപയാണ് വകയിരുത്തിയത്. എന്നാൽ, സാമ്പത്തിക വർഷം തുടങ്ങി ഒമ്പതാം മാസം (നവംബർ) കടന്നുപോകുമ്പോൾ, ധനവകുപ്പ് കോർപ്പറേഷനുകൾക്ക് അനുവദിച്ചത് മൊത്തം വിഹിതത്തിൻ്റെ 14.39 ശതമാനം മാത്രം, അതായത് 152 കോടി രൂപയാണെന്ന് പ്ലാൻ സ്പേസ് രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. ഈ സാമ്പത്തിക വർഷം ഇനി ധനവകുപ്പ് കോർപ്പറേഷനുകൾക്ക് നൽകാനുള്ളത് 893.57 കോടി രൂപയാണ്.

4 മാസം മാത്രം ബാക്കി, എന്ത് സംഭവിക്കും?
ഈ സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി നാല് മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ശേഷിക്കുന്ന നാല് മാസത്തിനുള്ളിൽ 893.57 കോടി രൂപ കോർപ്പറേഷനുകൾക്ക് കിട്ടുക എന്നത് അസാധ്യമാണ്. വികസന പ്രവർത്തനങ്ങൾ താറുമാറാക്കുന്ന ഈ സാമ്പത്തിക പ്രതിസന്ധി തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാ വിഷയമായി മാറാനാണ് സാധ്യത.
തെരഞ്ഞെടുപ്പ് ചിത്രം
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നവംബർ 13-നകം തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് സൂചന. പതിവുപോലെ എൽ.ഡി.എഫ്., യു.ഡി.എഫ്. കക്ഷികൾ തമ്മിലാകും പ്രധാന പോരാട്ടം. ബി.ജെ.പി.യുടെ പ്രകടനം കഴിഞ്ഞതിലും ദയനീയമാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ഇത്തവണ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ മിക്ക സ്ഥലങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ യു.ഡി.എഫിന് കഴിഞ്ഞത് മുന്നണിക്ക് വ്യക്തമായ മുൻതൂക്കം നൽകിയെന്നാണ് വിലയിരുത്തൽ. ധനവകുപ്പിന്റെ ഈ കടുത്ത അവഗണന യു.ഡി.എഫ്. മുഖ്യ പ്രചാരണ വിഷയമാക്കും.
![]()
