തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ഭരണസമിതിയെ പുനഃസംഘടിപ്പിച്ചു. ഓസ്കാർ ജേതാവും പ്രശസ്ത സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടിയെ പുതിയ ചെയർമാനായി നിയമിച്ചു. നിലവിൽ താത്കാലിക ചുമതല വഹിച്ചിരുന്ന നടൻ പ്രേംകുമാറിനെ മാറ്റിയാണ് പുതിയ നിയമനം.
നടിയും നിർമ്മാതാവുമായ കുക്കു പരമേശ്വരനാണ് പുതിയ വൈസ് ചെയർപേഴ്‌സൺ. അമൽ നീരദ്, ശ്യാം പുഷ്‌കരൻ, നിഖില വിമൽ, സിതാര കൃഷ്ണകുമാർ, സുധീർ കരമന തുടങ്ങി 26 അംഗങ്ങളാണ് പുതിയ ഭരണസമിതിയിലുള്ളത്. ഭരണസമിതിയുടെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പുനഃസംഘടനയെന്നാണ് സർക്കാർ വിശദീകരണം.
പ്രേംകുമാർ മാറി, റസൂൽ പൂക്കുട്ടി എത്തി:
ലൈംഗികാതിക്രമ ആരോപണങ്ങളെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് രാജിവെച്ച ഒഴിവിലാണ് നടൻ പ്രേംകുമാർ വൈസ് ചെയർമാൻ എന്ന നിലയിൽ താത്കാലിക ചെയർമാൻ ചുമതലയേറ്റത്. രഞ്ജിത്തിന്റെ രാജിയെത്തുടർന്ന് ചലച്ചിത്ര അക്കാദമി തലപ്പത്ത് ഒരു നടൻ എത്തുന്നത് ഇത് ആദ്യമായിരുന്നു.
അപ്രതീക്ഷിത മാറ്റത്തിന് പിന്നിൽ?
എന്നാൽ, നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിച്ചു എന്ന വിശദീകരണത്തിനപ്പുറം, പ്രേംകുമാറിനെ മാറ്റിയതിൽ മറ്റ് രാഷ്ട്രീയ കാരണങ്ങളുണ്ടോ എന്ന ചർച്ച സജീവമാണ്. സംസ്ഥാനത്തെ ആശാ പ്രവർത്തകരുടെ സമരത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രേംകുമാറിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതെന്നാണ് സൂചനകൾ. കലാ സാംസ്കാരിക രംഗത്തുള്ളവർ സർക്കാർ നയങ്ങളെ വിമർശിക്കുമ്പോൾ സ്വീകരിക്കുന്ന നിലപാടുകളുടെ ഭാഗമായാണ് ഈ മാറ്റമെന്നും അഭ്യൂഹങ്ങളുണ്ട്.
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കാനിരിക്കെയാണ് അക്കാദമിയിലെ നിർണ്ണായകമായ ഈ മാറ്റം.
![]()
