തിരുവനന്തപുരം: തനിക്ക് ബന്ധമില്ലാത്ത ബിപിഎൽ എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി വ്യാജവാർത്തകൾ തുടർച്ചയായി സംപ്രേക്ഷണം ചെയ്‌തതിന് റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നോട്ടീസ് അയച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഏഴ് ദിവസത്തിനുള്ളിൽ വ്യാജവാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്.
റിപ്പോർട്ടർ ഉടമ ആന്റോ അഗസ്റ്റിൻ, കൺസൽട്ടിംഗ് എഡിറ്റർ അരുൺ കുമാർ, കോർഡിനേറ്റിംഗ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോർഡിനേറ്റർ ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി വി പ്രസാദ് എന്നിവരടക്കം ഒമ്പത് പേർക്കാണ് മുംബൈ ആസ്ഥാനമായ ആർ എച്ച് പി പാർട്ണേഴ്സ് എന്ന നിയമസ്ഥാപനം മുഖേന നോട്ടീസ് നൽകിയിരിക്കുന്നത്.
ആരോപണം അടിസ്ഥാനരഹിതം:
ബിജെപി സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖറിന് ബിപിഎൽ ലിമിറ്റഡുമായി സാമ്പത്തിക ഇടപാടോ ഓഹരി പങ്കാളിത്തമോ ഇല്ലെന്ന് നേരത്തെ കമ്പനിയും വ്യക്തമാക്കിയിരുന്നു. 2003-ൽ സുപ്രീം കോടതി തള്ളിയ ഭൂമി പതിച്ചുനൽകലിലെ ക്രമക്കേട് എന്ന പഴയ ആരോപണങ്ങളാണ് ഇപ്പോൾ മാധ്യമം ഉയർത്തുന്നതെന്നും ഇത് രാഷ്ട്രീയപ്രേരിതമാണെന്നും നോട്ടീസിൽ പറയുന്നു.
അർജന്റീന ടീമിന്റെയും മെസിയുടെയും കേരള സന്ദർശവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന തട്ടിപ്പ് മറയ്ക്കാൻ വേണ്ടിയാണ് ഈ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും ചില ക്രിമിനലുകൾ മാധ്യമ മേഖലയിൽ വന്നിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ നേരത്തെ പ്രതികരിച്ചിരുന്നു.
![]()
