തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് പ്രത്യേക പരിഗണന നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി ആർ.എം.പി. നേതാവും എം.എൽ.എയുമായ കെ.കെ. രമ. പ്രതികളെ വിട്ടയച്ചാൽ ആഭ്യന്തര സുരക്ഷാ പ്രശ്‌നമുണ്ടാകുമോ എന്ന് ചോദിച്ച് ജയിൽ ആസ്ഥാനത്ത് നിന്ന് സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്ക് കത്തയച്ചത് അസാധാരണ നടപടിയാണെന്ന് കെ.കെ. രമ പ്രതികരിച്ചു. സർക്കാരിന്റെ ഈ നീക്കത്തിന് പിന്നിൽ വലിയ നിഗൂഢതയുണ്ടെന്നും രമ ആരോപിച്ചു.
ജയിൽ ആസ്ഥാനത്തുനിന്ന് കത്തയച്ച നടപടി അങ്ങേയറ്റം ദുരൂഹമാണ്. സുരക്ഷാപ്രശ്‌നം വിലയിരുത്തേണ്ടത് ജയിൽ സൂപ്രണ്ടുമാരല്ല, സംസ്ഥാനത്തെ പോലീസ് മേധാവികളാണ്. പ്രതികളെ വിട്ടയക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്താനും അവരെ സമാധാനിപ്പിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. കേസിലെ പ്രതികൾക്ക് ജയിലിൽ വി.ഐ.പി പരിഗണനയാണ് ലഭിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.
ടി.കെ. രജീഷിന് സുഖചികിത്സാ അവധി:
കേസിലെ പ്രതികളിലൊരാളായ ടി.കെ. രജീഷിന് 45 ദിവസത്തെ സുഖചികിത്സാ അവധി അനുവദിച്ചിരിക്കുന്നതിലും കെ.കെ. രമ പ്രതിഷേധം അറിയിച്ചു. പലരെയും മറികടന്നാണ് ടി.പി. കേസ് പ്രതികൾക്ക് ഇത്തരം അവസരങ്ങൾ ലഭിക്കുന്നത്. കൃത്യമായി പരോൾ, സുഖചികിത്സ, ആവശ്യത്തിന് മദ്യം, ഭക്ഷണം തുടങ്ങി ലാവിഷായി ജീവിക്കാനുള്ള സൗകര്യമാണ് ഈ സർക്കാർ അവർക്ക് ഒരുക്കി നൽകുന്നത്.
ഹൈക്കോടതി വിധി ലംഘനം:
പ്രതികളെ വിട്ടയക്കാനുള്ള നീക്കം ഹൈക്കോടതിയുടെ വിധിയെ മറികടക്കാനാണെന്നും രമ പറഞ്ഞു. 20 വർഷത്തേക്ക് ഒരുകാരണവശാലും ഇളവ് നൽകരുതെന്ന് ഹൈക്കോടതി വിധി നിലനിൽക്കെ, സുപ്രീംകോടതിക്ക് മാത്രമേ ഇനി അതിൽ മാറ്റം വരുത്താൻ സാധിക്കൂ. എന്നിട്ടും ‘വിടുതൽ’ എന്ന വാക്ക് ഉപയോഗിച്ച് ജയിൽ ആസ്ഥാനം കത്തയച്ചത് നിയമ ലംഘനമാണ്. മന്ത്രിതലത്തിൽ അറിയാതെ ഇത്തരം നീക്കം നടക്കില്ലെന്നും കെ.കെ. രമ കൂട്ടിച്ചേർത്തു. നേരത്തെ ടി.കെ. രജീഷ്, കെ.കെ. മുഹമ്മദ് ഷാഫി, എസ്. സിജിത്ത് എന്നിവരെ വിട്ടയക്കാൻ ശ്രമം നടന്നിരുന്നെങ്കിലും വിവാദത്തെ തുടർന്ന് സർക്കാർ പിൻവാങ്ങുകയായിരുന്നു.
![]()
