കോഴിക്കോട് : മുട്ടിൽ മരംമുറി കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റിപ്പോർട്ടർ ചാനൽ മേധാവി ആൻ്റോ അഗസ്റ്റിന് സർക്കാർ നൽകുന്ന അമിത പരിഗണന ചർച്ചയാകുന്നു. സർക്കാരിൻ്റെ ന്യായീകരണ ക്യാപ്സൂളുകളുമായി ചാനൽ രംഗം അടക്കി വാഴുമ്പോൾ, പാർട്ടി ചാനലായ കൈരളിയേക്കാൾ ഇപ്പോൾ സർക്കാരിന് പ്രിയം റിപ്പോർട്ടർ ചാനലിനെയാണ്. ഇതിന് പിന്നിൽ ഉദിഷ്ടകാര്യത്തിന് നൽകുന്ന ഉപകാര സ്മരണയുണ്ടോ എന്ന ചോദ്യമുയരുന്നു.
സർക്കാരിനെ പ്രതിരോധിക്കുന്നതിൽ ആൻ്റോ അഗസ്റ്റിനും സംഘവും കാണിച്ച ആത്മാർത്ഥതയിൽ മുഖ്യമന്ത്രി പൂർണ്ണ തൃപ്തനാണ്. 2024-ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും പ്രതിപക്ഷത്തെ പിന്തുടർന്ന് വാർത്തകൾ ചമച്ച് സർക്കാരിനെ സഹായിക്കുന്ന നിലപാടാണ് ചാനൽ സ്വീകരിച്ചത്. ഇതിൻ്റെ പ്രത്യുപകാരമായിട്ടാണ് മരംമുറി കേസിലെ പ്രതിയായിട്ടും മെസിയെ കേരളത്തിൽ എത്തിക്കാനുള്ള വമ്പൻ പരിപാടിയുടെ ചുക്കാൻ മുഖ്യമന്ത്രി റിപ്പോർട്ടർ മുതലാളിക്ക് നൽകിയത്. മെസിയുടെ വരവിൽ മുഖ്യമന്ത്രിക്ക് പോലും സംശയമുണ്ടെങ്കിലും, സ്പോൺസർ കൂടിയായ ആൻ്റോ അഗസ്റ്റിൻ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
മെല്ലെപ്പോക്ക്; പിന്നാലെ രാജ്യസഭയിലേക്കും?
മുട്ടിൽ മരംമുറി കേസിൽ ആൻ്റോ അഗസ്റ്റിൻ്റേയും സഹോദരങ്ങളുടേയും കേസുകളിൽ സർക്കാർ മെല്ലെപ്പോക്ക് തുടങ്ങിയത് 2023 ഡിസംബറിന് ശേഷമാണ്. മരംമുറി കേസ് കൂടാതെ നിരവധി ക്രിമിനൽ കേസുകളിലും ആൻ്റോ പ്രതിയാണ്. ഈ കേസുകളിൽ പത്തോളം കുറ്റപത്രങ്ങൾ കൂടി സർക്കാർ സമർപ്പിക്കാനുണ്ട്. എന്നാൽ ഈ കേസുകളിലെല്ലാം നിലവിൽ സർക്കാർ മൃദ സമീപനമാണ് സ്വീകരിക്കുന്നത്.
തുടർഭരണം ലഭിച്ചാലും ഇല്ലെങ്കിലും ആൻ്റോ അഗസ്റ്റിനെ രാജ്യസഭയിലേക്ക് അയക്കാനും മുഖ്യമന്ത്രിക്ക് പദ്ധതിയുണ്ട്. 2027-ൽ കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് മൂന്ന് ഒഴിവുകളാണ് വരുന്നത്. സി.പി.എം. അംഗങ്ങളായ ജോൺ ബ്രിട്ടാസ്, ഡോ. വി. ശിവദാസൻ, മുസ്ലീം ലീഗ് നേതാവ് പി.വി. അബ്ദുൾ വഹാബ് എന്നിവരുടെ കാലാവധി 2027 ഏപ്രിൽ 20-ന് അവസാനിക്കും. ഇതിൽ ജോൺ ബ്രിട്ടാസിൻ്റെ ഒഴിവിലേക്ക് ക്രൈസ്തവനായ ആൻ്റോ അഗസ്റ്റിനെ രാജ്യസഭയിലേക്ക് എത്തിക്കാനാണ് പിണറായി വിജയൻ്റെ നീക്കം. 2022-ൽ ഐസക്ക് മോഹിച്ച രാജ്യസഭാ സീറ്റ് റിയാസിൻ്റെ ശുപാർശയിൽ എ.എ. റഹീമിന് നൽകിയത് പോലെ, സി.പി.എമ്മിൽ മുഖ്യമന്ത്രിയുടെ തീരുമാനമാണ് അന്തിമം. റിപ്പോർട്ടർ ടി.വിയുടെ എഡിറ്റേഴ്സ് മീറ്റിൽ മാത്രമല്ല, രാജ്യസഭയിലും ആൻ്റോ അഗസ്റ്റിൻ്റെ ശബ്ദം മുഴങ്ങാൻ അധിക കാലം കാത്തിരിക്കേണ്ടി വരില്ല.
![]()
