ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാറിനുമെതിരെ ശക്തമായ പ്രതിഷേധവുമായി ‘ഇന്ത്യ’ (INDIA) സഖ്യം ഡൽഹി രാംലീല മൈതാനത്ത് നടത്തിയ ‘ചലോ ഡൽഹി’ മഹാറാലിയിൽ വൻ ജനപങ്കാളിത്തം.
റാലിയെ അഭിസംബോധന ചെയ്ത ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചു. “ഗ്യാനേഷ് കുമാർ ഇല്ലാതെ നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാകാൻ കഴിയില്ലായിരുന്നു” എന്ന് രാഹുൽ ആരോപിച്ചു. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും ഭരണഘടനയേക്കാൾ വലുതല്ല രാഷ്ട്രീയ നേതാക്കളോ പണമോ എന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ടർ പട്ടികയിലെ തീവ്ര തിരുത്തൽ (SIR) വഴി വ്യാപകമായി വോട്ടുകൾ വെട്ടിമാറ്റിയെന്ന് ആരോപിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സിഇസി ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, ആർജെഡി നേതാവ് തേജസ്വി യാദവ്, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന പ്രതിപക്ഷ നേതാക്കൾ റാലിയിൽ പങ്കെടുത്തു.
