ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം നടൻ സി. ജോസഫ് വിജയ് നേരിടുന്ന ആദ്യത്തെ വലിയ രാഷ്ട്രീയ പ്രതിസന്ധിയായി കാവേരി നദീജല തർക്കം മാറുന്നു. അയൽ സംസ്ഥാനമായ കർണാടകയുമായുള്ള കാവേരി തർക്കത്തിൽ ഭരണകക്ഷിയായ തമിഴക വെട്രി കഴകവും (ടിവികെ) പ്രതിപക്ഷമായ ഡിഎംകെയും തമ്മിൽ രൂക്ഷമായ വാക്പോരാണ് സംസ്ഥാനത്ത് നടക്കുന്നത്.
സർവകക്ഷി യോഗ ആവശ്യവും സർക്കാരിന്റെ നിലപാടും
കാവേരി വിഷയത്തിൽ അടിയന്തരമായി സർവകക്ഷി യോഗം വിളിച്ചു ചേർക്കണമെന്ന് പ്രതിപക്ഷ കക്ഷികൾ വിജയ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മേക്കേദാട്ടു അണക്കെട്ട് വിഷയത്തിൽ കർണാടക സർക്കാർ സർവകക്ഷി യോഗം ചേർന്ന മാതൃക ചൂണ്ടിക്കാട്ടിയാണ് ഡിഎംകെ വിജയ് സർക്കാരിനുമേൽ സമ്മർദ്ദം ശക്തമാക്കിയത്. എന്നാൽ പ്രതിപക്ഷത്തിന്റെ ആവശ്യം വിജയ് സർക്കാർ പൂർണ്ണമായും തള്ളി.
കാവേരി നദീജല പ്രശ്നത്തിൽ തമിഴ്നാട്ടിലെ കർഷകരുടെയും ജനങ്ങളുടെയും താല്പര്യം സംരക്ഷിക്കുന്നതിനേക്കാൾ, മുഖ്യമന്ത്രി വിജയിയെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നാണ് ടിവികെയുടെ ആരോപണം.
സഭയിൽ പ്രമേയം പാസാക്കിയതാണെന്ന് ടിവികെ
സർവകക്ഷി യോഗത്തിന്റെ ആവശ്യകത ചോദ്യം ചെയ്തുകൊണ്ട് മുതിർന്ന ടിവികെ നേതാവ് സി.ടി.ആർ. നിർമൽ കുമാർ രംഗത്തെത്തി. തമിഴ്നാട് നിയമസഭയിൽ കാവേരി വിഷയത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയോടെ ഏകകണ്ഠമായി പ്രമേയം പാസാക്കിയതാണെന്നും, അതിനാൽ വീണ്ടുമൊരു യോഗത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
”നിയമസഭയിൽ എല്ലാ പാർട്ടികളുടെയും പിന്തുണയോടെ വിഷയം ചർച്ച ചെയ്ത് ഏകകണ്ഠമായി പ്രമേയം പാസാക്കിയതാണ്. ഇനി എന്തിനാണ് മറ്റൊരു സർവകക്ഷി യോഗം? ഡിഎംകെ മുഖ്യമന്ത്രിക്ക് പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്യുന്നത്; അല്ലാതെ തമിഴ്നാടിന്റെ ക്ഷേമത്തിൽ അവർക്ക് ആശങ്കയില്ല,” എന്ന് നിർമൽ കുമാർ ആരോപിച്ചു.
കൂടാതെ, കർണാടക മുഖ്യമന്ത്രിക്ക് ഡിഎംകെയുടെ പ്രമുഖ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നും നിർമൽ കുമാർ ആരോപിച്ചു.
തഞ്ചാവൂരിൽ ഡിഎംകെ പ്രതിഷേധം
മുൻപ് ഡിഎംകെ, അണ്ണാ ഡിഎംകെ സർക്കാരുകളുടെ കാലത്ത് കാവേരി വിഷയത്തിൽ നിർണായകമായ തീരുമാനങ്ങൾ എടുക്കേണ്ട സന്ദർഭങ്ങളിലൊക്കെ സർവകക്ഷി യോഗങ്ങൾ വിളിക്കാറുണ്ടായിരുന്നു. എന്നാൽ ആ പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായ നീക്കങ്ങളാണ് വിജയ് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. പ്രശ്നപരിഹാരത്തിനായി ബംഗളൂരുവിലെത്തി കർണാടക മുഖ്യമന്ത്രിയുമായി നേരിട്ട് ചർച്ച നടത്താൻ വിജയ് തീരുമാനിച്ചിരുന്നെങ്കിലും കർണാടകയിലെ നിലവിലെ സംഘർഷാവസ്ഥ കാരണം യാത്ര മാറ്റിവെക്കുകയായിരുന്നു.
വിജയ് സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 3-ന് തഞ്ചാവൂരിൽ കർഷകരെ അണിനിരത്തി വമ്പൻ പ്രതിഷേധ പ്രകടനം നടത്തുമെന്ന് ഡിഎംകെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് വഴങ്ങാതെ, കാവേരി വിഷയത്തിൽ തമിഴ്നാടിന്റെ അവകാശങ്ങൾ പൂർണ്ണമായും സംരക്ഷിക്കുമെന്ന ആത്മവിശ്വാസത്തിലാണ് വിജയിയും ടിവികെ സർക്കാരും.