Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » അധികാരത്തിന്റെ ഗർവും വിനയത്തിന്റെ ഓശാനയും !ബാബു പോളിന്റെ വിശുദ്ധവാര ചിന്തകൾ: രണ്ട് യാത്രകൾ രണ്ട് സന്ദേശങ്ങൾ | D Babu Paul Holy Week Analysis

അധികാരത്തിന്റെ ഗർവും വിനയത്തിന്റെ ഓശാനയും !ബാബു പോളിന്റെ വിശുദ്ധവാര ചിന്തകൾ: രണ്ട് യാത്രകൾ രണ്ട് സന്ദേശങ്ങൾ | D Babu Paul Holy Week Analysis

kerala leader By kerala leader March 29, 2026 7 Min Read
Share

തിരുവനന്തപുരം: ക്രിസ്തീയ വിശ്വാസികൾ വലിയ നോമ്പിലെ വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കുമ്പോൾ, രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ജെറുസലേമിൽ നടന്ന രണ്ട് വിരുദ്ധ ഘോഷയാത്രകളെ മുൻനിർത്തി വിശുദ്ധവാരത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ പ്രാധാന്യം ചർച്ചയാകുന്നു. അന്തരിച്ച പ്രശസ്ത ചിന്തകൻ ഡി. ബാബു പോൾ എഴുതിയ ലേഖനത്തിലാണ് കാലഹരണപ്പെടാത്ത ഈ വെല്ലുവിളികളെക്കുറിച്ച് പരാമർശിക്കുന്നത്.

​രണ്ട് യാത്രകൾ, രണ്ട് സന്ദേശങ്ങൾ

ഒരു വസന്തകാലത്ത് ജെറുസലേമിൽ ഒരേസമയം രണ്ട് ഘോഷയാത്രകൾ പ്രവേശിച്ചു. പടിഞ്ഞാറ് ഭാഗത്ത് നിന്ന് റോമൻ ഗവർണർ പൊന്തിയോസ് പീലാത്തോസിന്റെ നേതൃത്വത്തിൽ അശ്വരൂഢരായ സൈനികരുടെ കരുത്തുറ്റ പ്രകടനം. അത് സാമ്രാജ്യത്വത്തിന്റെ അധീശത്വത്തെയും അധികാരത്തെയും സൂചിപ്പിച്ചു. എന്നാൽ കിഴക്ക് ഭാഗത്ത് നിന്ന് വിനയത്തിന്റെ പ്രതീകമായി കഴുതപ്പുറത്ത് യേശുക്രിസ്തു എത്തി. സാധാരണക്കാരായ കർഷക ജനത ഓശാന പാടി സ്വീകരിച്ച ഈ ‘കർഷക റാലി’ സമാധാനത്തിന്റെയും ദൈവരാജ്യത്തിന്റെയും പ്രതീകമായിരുന്നുവെന്ന് ബാബു പോൾ നിരീക്ഷിക്കുന്നു.

​ചൂഷണത്തിന്റെ വ്യവസ്ഥിതിക്കെതിരായ പോരാട്ടം

അന്നത്തെ ജെറുസലേം കേവലം ഒരു പുണ്യനഗരം മാത്രമായിരുന്നില്ല, മറിച്ച് രാഷ്ട്രീയ അടിച്ചമർത്തലുകളുടെയും സാമ്പത്തിക ചൂഷണങ്ങളുടെയും കേന്ദ്രമായിരുന്നു. കർഷകൻ തൊഴിലാളിയായും പിന്നീട് അടിമയായും മാറുന്ന ദുരവസ്ഥ നിലനിന്നിരുന്നു. മതം പലപ്പോഴും ഇത്തരം അനീതികൾക്ക് കൂട്ടുനിൽക്കുന്ന കാഴ്ചയും അവിടെയുണ്ടായിരുന്നു. ഈ അധീശത്വ വ്യവസ്ഥിതിയെയാണ് യേശു തന്റെ ശാന്തമായ സാന്നിധ്യം കൊണ്ട് വെല്ലുവിളിച്ചത്.

സാമ്രാജ്യത്വവും ദൈവരാജ്യവും, അടിച്ചമർത്തലും മനുഷ്യാവകാശവും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായിരുന്നു അത്. അധികാരത്തിന്റെ ഭാഷയായ ‘അടിച്ചമർത്തലിനെ’ സമാധാനത്തിന്റെ ഭാഷയായ ‘സ്നേഹം’ കൊണ്ട് നേരിട്ട നിമിഷമായിരുന്നു ഓശാന ഞായർ.

ചരിത്രപരമായ വെല്ലുവിളി

പഴയനിയമ പ്രവാചകനായ സഖറിയായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, കുതിരയെയും രഥത്തെയും പടവില്ലിനെയും ഇല്ലാതാക്കി ജാതികളോട് സമാധാനം കല്പിക്കുന്ന പ്രഭുവായാണ് യേശുവിനെ അദ്ദേഹം അവതരിപ്പിക്കുന്നത്. മതം പലപ്പോഴും അധികാരത്തിന് കീഴ്പ്പെടുന്ന കാലഘട്ടത്തിൽ, യേശുവിന്റെ ഈ യാത്ര വലിയൊരു വെല്ലുവിളിയാണെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.

​അധീശത്വ വ്യവസ്ഥിതിയും ചൂഷണങ്ങളും ഇന്നും നിലനിൽക്കുന്ന ലോകത്ത്, വിശുദ്ധവാരം കേവലം അനുഷ്ഠാനമല്ല, മറിച്ച് അനീതിക്കെതിരായ നിരന്തരമായ പോരാട്ടത്തിന്റെ ഓർമ്മപ്പെടുത്തലാണെന്ന് ബാബു പോൾ അടിവരയിടുന്നു.

ഇന്നത്തെ പ്രസക്തി

വിശുദ്ധവാരം എന്നത് ചടങ്ങുകളിൽ ഒതുങ്ങേണ്ട ഒന്നല്ല. മറിച്ച്, നമ്മുടെ ഉള്ളിലെ അധികാര ഭാവങ്ങളെയും സമൂഹത്തിലെ നീതികേടുകളെയും ചോദ്യം ചെയ്യാനുള്ള വെല്ലുവിളിയാണ് ഈ കാലഘട്ടം നൽകുന്നത്. സമാധാനത്തിന്റെ സന്ദേശം ജാതിമത ഭേദമന്യേ ഏവർക്കും ഒരുപോലെ പ്രസക്തമാണെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

​വിശ്വാസവും അധികാരവും തമ്മിലുള്ള ഈ വടംവലി ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്നു എന്ന യാഥാർത്ഥ്യം വിശുദ്ധവാര ചിന്തകളെ കൂടുതൽ ഗൗരവതരമാക്കുന്നു.

2018 ൽ ഡോ. ഡി. ബാബുപോൾ എഴുതിയ ലേഖനത്തിൻ്റെ പൂർണ്ണ രൂപം വായിക്കാം:

“രണ്ടായിരത്തോളമാണ്ടുകള്‍ക്കപ്പുറത്ത്, അന്ന് ഒരു വസന്തകാലത്ത് ഏതാണ്ട് ഒരേ സമയത്ത് രണ്ട് ഘോഷയാത്രകള്‍ യഹൂദതലസ്ഥാനമായ യെരുശലേമില്‍ പ്രവേശിച്ചു. പെസഹാപ്പെരുന്നാള്‍ പ്രമാണിച്ച് യെരുശലേം ജനനിബിഡമാവുകയും കലഹസാധ്യത വര്‍ദ്ധിച്ചിരിക്കുകയും ചെയ്യുമ്പോള്‍ വലിയ ഹേരോദിന്റെ കൊട്ടാരത്തില്‍ താമസിച്ചുകൊണ്ട് നിയമസമാധാനപാലനം നിര്‍വ്വഹിക്കുവാന്‍ എഴുന്നെള്ളുന്ന റോമന്‍ ഗവര്‍ണര്‍ പൊന്തിയോസ് പീലാത്തോസ് പടിഞ്ഞാറു നിന്ന് അശ്വാരൂഢരായ ആയുധപാണികളോടെ. നഗരത്തിന്റെ കിഴക്കുനിന്ന് കുരുത്തോലകള്‍ വീശി ഓശാന പാടുന്ന കര്‍ഷകജനതയെ നയിച്ചുകൊണ്ട് കഴുതപ്പുറത്ത് ഒരു സമാധാനപ്രഭു, യേശുക്രിസ്തു. സാമ്രാജ്യവും ദൈവരാജ്യവും അധീശതയും മനുഷ്യാവകാശവും.

പഴയനിയമത്തില്‍ കാണുന്ന ഒരു പ്രവാചകനാണ് സഖറിയ. ഓശാനയുടെ വിവരണത്തില്‍ മത്തായി ഉദ്ധരിക്കുന്ന പ്രവാചകവാക്യത്തിന് ഉദ്ധരിക്കാത്ത ഒരു തുടര്‍ച്ചയുണ്ട്, ഇങ്ങനെ: “ഞാന്‍ ഏഫ്രയിമില്‍ നിന്ന് രഥത്തെയും യെരുശലേമില്‍ നിന്ന് കുതിരയെയും ഛേദിച്ചുകളയുംച പടവില്ലും ഒടിഞ്ഞുപോകും. അവന്‍ ജാതികളോട് സമാധാനം കല്പിക്കും”. സമാധാനമാണ് സന്ദേശം. യേശു നയിച്ച ഈ ‘കര്‍ഷകറാലി’യുടെ സാംഗത്യം തെളിയണമെങ്കില്‍ അത് അരങ്ങേറിയ നഗരത്തിലെ അവസ്ഥ അറിയേണ്ടതുണ്ട്.

യേശു ജനിച്ച കാലത്ത് യഹൂദന്മാരുടെ തലസ്ഥാനവും പുണ്യഭൂമിയുമെന്ന നിലയില്‍ യെരുശലേം ആയിരത്തിലേറെ സംവത്സരങ്ങള്‍ പിന്നിട്ടുകഴിഞ്ഞിരുന്നു. ദാവീദാണ് യെരുശലേം ആസ്ഥാനമാക്കിയത്. തന്റെ മുന്‍ഗാമിയുടെയോ തന്റെയോ ഗോത്രഭൂമിയിലാകരുത് ആസ്ഥാനം എന്ന ഭരണതന്ത്രജ്ഞത ഈ തീരുമാനത്തിന്റെ പിന്നില്‍ ഉണ്ടായിരുന്നിരിക്കാം എന്ന് ‘വേദശബ്ദരത്‌നാകരം’ ഊഹിച്ചിട്ടുണ്ട്. ദാവീദും മകന്‍ ശലോമോനുമാണ് അവിടെനിന്ന് അവിഭക്ത ഇസ്രായേലിനെ ഭരിച്ചത്. അറിവിലും വിദേശബന്ധങ്ങളിലുമൊക്കെ മുന്നില്‍ ശലോമോന്‍ ആയിരുന്നെങ്കിലും സൂര്യവംശത്തില്‍ ശ്രീരാമന്‍ എന്ന കണക്കെ യഹൂദചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ളത് ദാവീദാണ്. അതുകൊണ്ടാണ് രാജ്യം വിഭജിക്കപ്പെടുകയും പ്രതാപം അസ്തമിക്കുകയും അന്യര്‍ അവകാശത്തിലേക്ക് പ്രവേശിക്കുകയും ചെയ്ത കാലത്ത് വിമോചകനായി അവതരിക്കാനുള്ളവനെ ദാവീദുപുത്രന്‍ എന്ന് സമൂഹം വിളിച്ചത്.

ശലോമോന്‍ പണികഴിപ്പിച്ച ദേവാലയം യഹൂദവേദശാസ്ത്രത്തില്‍ ‘ഭൂമിയുടെ നാഭി’യായി: ഈശ്വരനും മനുഷ്യനും തമ്മിലുള്ള നാഭീനാളബന്ധത്തിന്റെ പ്രതീകം. യഹൂദന്മാരുടേതാണ് ദേവാലയമെങ്കിലും വിജാതീയരും വിദേശീയരും വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ഇടവുമായിരുന്നു അത്. ജ്ഞാനിയായ ശലോമോന്റെ ഭാവനയില്‍. സര്‍വ്വവ്യാപിയായ ഈശ്വരന്റെ സവിശേഷ സാന്നിദ്ധ്യം സകലരും അനുഭവിച്ചറിയുന്ന സ്ഥലമായി യരുശലേം ദേവാലയം വാഴ്ത്തപ്പെട്ടു. ഈശ്വരസാന്നിദ്ധ്യം മാത്രമല്ല ഈശ്വരന്റെ കൃപയും ദാക്ഷിണ്യവും ലഭിക്കുന്ന സ്ഥാനവുമായി ബലി അര്‍പ്പിക്കപ്പെടുന്ന ദേവാലയം. ആരോഹണഗീതങ്ങള്‍ എന്നറിയപ്പെടുന്ന പതിനഞ്ച് സങ്കീര്‍ത്തനങ്ങളുണ്ട് ബൈബിളില്‍. അവ ഓരോന്നും യരുശലേമിന്റെ മഹത്വം വിളിച്ചോതുന്നതാണ്.

എന്നാല്‍ യരുശലേം ദൈവത്തിന്റെ പട്ടണം മാത്രം ആയിരുന്നില്ല. ശലോമോന്റെ ഭരണകാലത്തിന്റെ അവസാനത്തോടെ അത് ഒരു അധീശതാവ്യവസ്ഥിതിയുടെ കേന്ദ്രം കൂടെയായി. അധീശതാവ്യവസ്ഥിതി എന്ന പ്രയോഗം വിശദീകരിക്കേണ്ടതുണ്ടെന്നു തോന്നുന്നു. പ്രാചീനകാലത്തെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയെ സൂചിപ്പിക്കുന്നു ഈ പദപ്രയോഗം. അതിന് മൂന്ന് സവിശേഷതകള്‍ കാണാം. ഒന്ന്: രാഷ്ട്രീയമായ അടിച്ചമര്‍ത്തല്‍. സാധാരണക്കാരന് ഒന്നിലും ഒരു അധികാരവും ഉണ്ടായിരുന്നില്ല. രാജാക്കന്മാര്‍, പ്രഭുക്കന്മാര്‍, അവരോടൊട്ടിനിന്നവര്‍- ഇങ്ങനെ കുറെപ്പേര്‍ ഏറെപ്പേര്‍ക്ക് മേല്‍ കര്‍തൃത്വം നടത്തി. രണ്ട്: സാമ്പത്തികചൂഷണം. വ്യവസായപൂര്‍വയുഗത്തില്‍ സമ്പത്തിന്റെ സ്രോതസ്സ് കൃഷിയായിരുന്നു. അതിന്റെ മൂന്നില്‍ രണ്ടു ഭാഗം അധീശവര്‍ഗത്തിന്റെ കൈകളിലെത്തിച്ചേരുമെന്നുറപ്പിക്കുന്നതായിരുന്നു അവരുണ്ടാക്കിയ വ്യവസ്ഥകളും ചട്ടങ്ങളും. ഭൂമിയുടെ ഉടമ ഈശ്വരനാണ് എന്നതാണ് ബൈബിളിലെ അടിസ്ഥാന സങ്കല്പം. ഫലത്തില്‍ അത് മാറ്റിമറിക്കപ്പെട്ടു. കടം കയറിയപ്പോള്‍ കര്‍ഷകന്‍ കര്‍ഷകത്തൊഴിലാളിയായി. കര്‍ഷകത്തൊഴിലാളി പിന്നെ അടിമയായി.മൂന്ന്: മതപരമായ അംഗീകാരം ഈ ചൂഷങ്ങള്‍ക്ക് കിട്ടി. രാജാധികാരം ദൈവദത്തം. രാജാവ് ദൈവപുത്രന്‍. സാമൂഹിക വ്യവസ്ഥിതി ദൈവികനിയമം. പഴയനിയമത്തിലെ ഉല്‍പതിഷ്ണുക്കളായ പ്രവചാകര്‍ ഈ അവസ്ഥയൊക്കെ വെല്ലുവിളിച്ചുവെന്നതാണ് ശരി. എങ്കിലും പൊതുവേ അധീശതാവ്യവസ്ഥിതിയിലെ അന്യായങ്ങള്‍ക്ക് നിയമസാധുത നല്‍കുകയാണ് മതങ്ങള്‍ ചെയ്തിരുന്നത്.

മനുസ്മൃതി ഓര്‍മ്മ വരുന്നു. അതായത് യഹൂദമതത്തിലോ പലസ്തീന്‍ നാട്ടിലോ മാത്രം സംഭവിച്ച അപഭ്രംശം ആയിരുന്നില്ല ഇതൊന്നും. മനുഷ്യസംസ്ക്കാരത്തിന്റെ അയ്യായിരം കൊല്ലത്തെ ചരിത്രത്തിന്റെ തുടര്‍ച്ചയെന്നേ പറയാനാവൂ. എന്നാല്‍ റോം അര്‍ക്കലാവോസ് രാജാവിനെ സ്ഥാനഭ്രഷ്ടനാക്കി ഭരണം ഏറ്റെടുത്തതോടെ ഈ അധീശതാവ്യവസ്ഥിതിയുടെ ആധാരശിലയായി യരുശലേം ദേവാലയവും മഹാപുരോഹിതസമൂഹവും മാറി. അതിനെതിരെയാണ് യേശു പടനയിച്ചത്.

യരുശലേം ഉള്‍പ്പെടുന്ന പലസ്തീന്‍ നാട് റോമാഭരണത്തിലായപ്പോള്‍ കൃഷിയുടെ സ്വഭാവവും മാറി. ഭക്ഷ്യവിളകളെക്കാള്‍ കൂടുതല്‍ ഒലീവ്, അത്തി, ഈന്തപ്പഴം തുടങ്ങിയ ‘വാണിജ്യ’വിളകളായി. വാണിജ്യവിളയ്ക്ക് കൂടുതല്‍ മൂലധനം വേണം. പഴയ കര്‍ഷകര്‍ പലരും പുറത്തായി. മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും എന്നാണ് അധീശവര്‍ഗ്ഗത്തെക്കുറിച്ച് പുതിയ നിയമത്തിലെ ആദ്യരചനയുടെ കര്‍ത്താവായ മര്‍ക്കോസ് പറയുന്നത്. ശാസ്ത്രിമാര്‍ അറിവുള്ളവരായിരുന്നു. രായസവും രേഖകളും അവര്‍ സൂക്ഷിച്ചു.

ഈ കര്‍ഷക ചൂഷണത്തോടൊപ്പം നികുതി പിരിവിന്റെ കേന്ദ്രമായും യരുശലേം നിലകൊണ്ടു. പെരുന്നാളിന് രണ്ടുരണ്ടര ലക്ഷം ജനം ഒത്തുചേരുന്ന നഗരത്തിലെ നാല്‍പ്പതിനായിരം സ്ഥിരവാസക്കാര്‍ ധനികരായിരുന്നു. അവരൊക്കെ വ്യക്തിപരമായി അഴിമതിക്കാരോ ക്രൂരന്മാരോ ആയിരുന്നുവെന്നല്ല. നന്മ നിറഞ്ഞവരും വിശ്വസ്തരും ആയിരുന്ന വ്യക്തികളും ഈ അധീശതാവ്യവസ്ഥിതിയെ നിലനിര്‍ത്തുന്നതില്‍ പങ്കുവഹിച്ചിരുന്നു. അറിഞ്ഞും ചിലരെങ്കിലും അറിയാതെയും എന്നു മാത്രം.

റോമിന് വേണ്ടത് സമാധാനം ആയിരുന്നു. വിപ്ലവവും കലഹവും ഒഴിവാക്കുമെങ്കില്‍ മാത്രമാണ് യഹൂദസമൂഹത്തിലെ അധികാരികളെ അവര്‍ക്ക് വേണ്ടിയിരുന്നത്. ‘ജനത്തിനു വേണ്ടി ഒരുവന്‍ മരിക്കുന്നത് കൊള്ളാം’ എന്ന് കയ്യാഫാസ് പറഞ്ഞതിന്റെ പശ്ചാത്തലം ഇതാണ്. “അവനെ ഇങ്ങനെ വിട്ടേച്ചാല്‍ ജനം അവനെ വിശ്വസിക്കും. റോമാക്കാര്‍ നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുക്കുകയും ചെയ്യും” എന്നാണ് തൊട്ടുമുമ്പ് കാണുന്ന ഭയം.

യേശു യെരുശലേം ഒഴികെ ഒരു മഹാനഗരവും സന്ദര്‍ശിച്ചില്ല. നാട്ടിന്‍പുറങ്ങളിലും കഫര്‍നാഹും പോലുള്ള ചെറിയ പട്ടണങ്ങളിലും അല്ലാതെ ടൈബീരിയസിലോ സെഫോറിസിലോ നാം അവനെ കാണുന്നില്ല. സ്വാഭാവികമായും ആദ്യകൃതിയായ മര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഗലീലയില്‍ നിന്ന് യെരുശലേമിലേക്കുള്ള ഒരു നവോത്ഥാനമാര്‍ച്ച് ആണ് യേശുവിന്റെ പരസ്യശുശ്രൂഷയുടെ കാതല്‍. യേശുവിനെ പിന്‍ചെല്ലുന്നവര്‍ അവന്റെ പിറകെ ചെല്ലണം. ദിനംതോറും സ്വന്തം കുരിശ് വഹിച്ചുകൊണ്ട് സമ്പൂര്‍ണ്ണസമര്‍പ്പണത്തിന്റെ ചിത്രം രചിക്കണം. ആ യാത്ര അവസാനിക്കുക യെരുശലേമിലാണ്. യെരുശലേം അധീശവര്‍ഗവുമായി നേരിട്ട് ഏറ്റുമുട്ടാനുള്ള സ്ഥലമാണ്. ആ ഏറ്റുമുട്ടല്‍ കുരിശുമരണത്തിലേക്ക് നയിക്കും. ആ കുരിശുമരണം പുനരുത്ഥാനത്തിന്റെ പാത ഒരുക്കുന്ന മരണമാണ്.

അടിസ്ഥാനചിന്ത സഹനത്തിലൂടെ വിജയം എന്നതാണ്. ഫിലിപ്പിന്റെ കൈസറിയയില്‍ ശിഷ്യന്മാരില്‍ ഒന്നാമനായ പത്രോസ് വിശ്വാസം ഏറ്റു പറഞ്ഞപ്പോള്‍ത്തന്നെ തുടങ്ങിയതാണ് ഈ ഗുരുചിന്തയുടെ ലളിതമായ വിശദീകരണം. മൂന്ന് പ്രധാനഘടകങ്ങള്‍. ഒന്ന്, ഉപരി സൂചിപ്പിച്ച സമ്പൂര്‍ണ്ണസമര്‍പ്പണം. ക്രൂശിലേറാനുള്ളവന്‍ ക്രൂശു വഹിച്ചുകൊണ്ട് ശതാധിപന്റെ പിറകെ ഇടംവലം നോക്കാതെ നടക്കേണ്ടവനാണ്. ആ ശതാധിപന്റെ സ്ഥാനത്താണ് സര്‍വ്വാധപനായ ഈശ്വരന്‍. ഒരുവന്‍ ഈശ്വരന്റെ പിന്നാലെ ഇറങ്ങിത്തിരിച്ചാല്‍ പിന്നെ ഈശ്വരനൊഴികെ മറ്റൊന്നും അവന്റെ യാത്രയെ നിയന്ത്രിച്ചുകൂടാ.രണ്ടാമത്, തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും. ഒരുവന്‍ മുമ്പന്‍ ആകുവാന്‍ ഇച്ഛിച്ചാല്‍ അവന്‍ എല്ലാവരിലും ഒടുക്കത്തവനും എല്ലാവര്‍ക്കും ശുശ്രൂഷകനും ആകണം എന്നു യേശു പറഞ്ഞു. മൂന്നാമത്, അധീശതയല്ല, ദൈവരാജ്യത്തിന്റെ അടയാളം. ‘ജാതികളില്‍ അധിപതികളായവര്‍ അവരില്‍ കര്‍തൃത്വം ചെയ്യുന്നു… അധികാരം നടത്തുന്നു… നിങ്ങളുടെ ഇടയില്‍ അങ്ങനെ ആകരുത്’. ഒരു പുതിയ വ്യവസ്ഥിതിക്കുള്ള ആഹ്വാനമാണ് ഇവിടെ കാണേണ്ടത്. ദേവാലയത്തിലെ ബലികളെയും മഹാപുരോഹിതന്മാരെയും യേശു എതിര്‍ത്തത് ഒന്നാം നൂറ്റാണ്ടിലെ അധീശതാവ്യവസ്ഥിതിയുടെ പ്രതീകങ്ങള്‍ എന്ന നിലയിലാണ്. അന്ന് പീലാത്തോസിന്റെ പരേഡ് കണ്ട് ‘കൊടിയേറ്റ’ത്തിലെ ഗോപിയെപ്പോലെ ‘ഹൗ എന്തൊരു സ്പീഡ്’ എന്ന് പറഞ്ഞവര്‍ എല്ലാം ചീത്ത മനുഷ്യരായിരുന്നില്ല. എങ്കിലും അന്തിമവിജയത്തിലേക്ക് നയിക്കുന്നത് ഓശാനയുടെ കഴുതയാണ്, സാമ്രാജ്യത്തിന്റെ കുതിരയല്ല എന്ന് അവര്‍ അറിഞ്ഞില്ല. വിശുദ്ധവാരത്തിന്റെ വെല്ലുവിളി ഒളിഞ്ഞിരിക്കുന്നത് ഇവിടെയാണ് “.

Loading

TAGGED: D Babu Paul, Holy Week, Hosanna, Jerusalem, Kerala leader, Two Journeys, ഓശാന, കർഷക റാലി, ജെറുസലേം, പൊന്തിയോസ് പീലാത്തോസ്, ബാബു പോൾ, യേശുക്രിസ്തു, രണ്ട് യാത്രകൾ, വിശുദ്ധവാരം, സമാധാന സന്ദേശം
kerala leader March 29, 2026 March 29, 2026
Share This Article
Facebook Twitter Copy Link Print
Previous Article Exclusive ​പാർട്ടിയെ ഞെട്ടിച്ച് ‘രഹസ്യ നീക്കം’; തോമസ് ഐസക്ക് സി.പി.എം നിരീക്ഷണത്തിൽ? കോൺഗ്രസ് നേതാവുമായുള്ള രഹസ്യ കൂടിക്കാഴ്ചയിൽ പുകഞ്ഞ് ഐസക്ക്-പിണറായി പോര്!
Next Article 2026-ൽ കേരളം ആര് ഭരിക്കും? പ്രവചനവുമായി മുൻ യുഎൻഡിപി ഉപദേഷ്ടാവ്; യുഡിഎഫിന് ‘സെഞ്ചുറി’ , എൽഡിഎഫിന് കനത്ത തിരിച്ചടി

Recent Posts

  • കാത്തിരിപ്പിന് അന്ത്യം; സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഉടൻ, ഫലം അറിയാൻ ഈ വഴികൾ ശ്രദ്ധിക്കുക
  • ഡഗ് ഔട്ടിൽ ഫോൺ ഉപയോഗം; രാജസ്ഥാൻ റോയൽസ് മാനേജർ കുടുങ്ങുമോ? ബിസിസിഐ അന്വേഷണം ആരംഭിച്ചു!
  • പോളിംഗ് ശതമാനം പുറത്തുവിടണം: തിരഞ്ഞെടുപ്പ് കമ്മിഷന് വി.ഡി. സതീശന്റെ കത്ത് | VD Satheesan Letter to EC
  • ട്രംപിന്റെ സുഹൃത്തിന് വൻപരാജയം; ഹംഗറിയിൽ 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം
  • ​”ഹാ മെയ്ൻ തുമ്ഹാരാ ഹൂൺ”; ക്രിക്കറ്റ് ഇതിഹാസം ബ്രെറ്റ് ലീ ഗായകനായപ്പോൾ! ആശാ ഭോസ്‌ലേയ്ക്കൊപ്പമുള്ള ആ ഹിറ്റ് പാട്ടിന്റെ കഥ
  • സംഗീത ലോകത്തെ ‘ലാവണ്യ ശബ്ദം’ ഇനി ഓർമ്മ; ആശാ ഭോസ്‌ലെ അന്തരിച്ചു

You Might Also Like

കാത്തിരിപ്പിന് അന്ത്യം; സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഉടൻ, ഫലം അറിയാൻ ഈ വഴികൾ ശ്രദ്ധിക്കുക

National News

ഡഗ് ഔട്ടിൽ ഫോൺ ഉപയോഗം; രാജസ്ഥാൻ റോയൽസ് മാനേജർ കുടുങ്ങുമോ? ബിസിസിഐ അന്വേഷണം ആരംഭിച്ചു!

News Sports

പോളിംഗ് ശതമാനം പുറത്തുവിടണം: തിരഞ്ഞെടുപ്പ് കമ്മിഷന് വി.ഡി. സതീശന്റെ കത്ത് | VD Satheesan Letter to EC

Kerala Politics News

ട്രംപിന്റെ സുഹൃത്തിന് വൻപരാജയം; ഹംഗറിയിൽ 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം

News World
Welcome Back!

Sign in to your account

Lost your password?