ന്യൂഡൽഹി: ദേശീയ ന്യൂനപക്ഷ കമ്മീഷനിലേക്ക് (NCM) പുതിയ അംഗങ്ങളെ നിയമിച്ചപ്പോഴും ക്രൈസ്തവ പ്രതിനിധിയെ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. 2020 മാർച്ചിൽ ജോർജ് കുര്യൻ കാലാവധി പൂർത്തിയാക്കി ഒഴിഞ്ഞ ശേഷം കഴിഞ്ഞ ആറ് വർഷമായി കമ്മീഷനിൽ ക്രൈസ്തവ വിഭാഗത്തിൽ നിന്ന് ഒരാൾ പോലും അംഗമായിട്ടില്ല.
ന്യൂനപക്ഷ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം തമിഴ്‌നാട് ബിജെപി ന്യൂനപക്ഷ മോർച്ച നേതാവ് ഡോ. മുനവാരി ബീഗം (മുസ്ലിം പ്രതിനിധി), മുതിർന്ന അഭിഭാഷകൻ ബെർജിസ് ദേശായി (പാഴ്സി പ്രതിനിധി) എന്നിവരെ പുതിയ അംഗങ്ങളായി നിയമിച്ചു. ഇതോടെ മറ്റു പല വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പായെങ്കിലും രാജ്യത്തെ രണ്ടാമത്തെ വലിയ ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവർ വീണ്ടും തഴയപ്പെട്ടു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെ ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, കമ്മീഷനിൽ ഒരു പ്രതിനിധി പോലുമില്ലാത്തത് സമുദായത്തിനിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. കമ്മീഷന്റെ അടിസ്ഥാന ലക്ഷ്യം എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും തുല്യമായ പരിഗണന നൽകുക എന്നതാണെങ്കിലും 2020 മുതൽ തുടരുന്ന ഈ അവഗണന ക്രൈസ്തവ വിശ്വാസികളെ ബോധപൂർവം മാറ്റിനിർത്തുന്നതാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്.
![]()
