റിയോ ഡി ജനീറോ: ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറിന്റെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് വീണ്ടും പ്രതിസന്ധിയിൽ. ബ്രസീലിയൻ ചാമ്പ്യൻഷിപ്പിൽ മിരാസോളിനെതിരെ നടക്കുന്ന മത്സരത്തിനുള്ള സ്‌ക്വാഡിൽ നിന്ന് താരത്തെ ഒഴിവാക്കി. മസിലുകളിലെ തളർച്ചയെത്തുടർന്നാണ് മുൻകരുതൽ എന്ന നിലയിൽ നെയ്മറിനെ ഒഴിവാക്കിയതെന്ന് സാന്റോസ് ക്ലബ്ബ് അധികൃതർ വ്യക്തമാക്കി.
ഈ തീരുമാനം സാന്റോസിന് മാത്രമല്ല, ബ്രസീൽ ദേശീയ ടീമിനും വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. വരാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി നെയ്മറിനെ സൂക്ഷ്മമായി നിരീക്ഷിക്കാൻ തീരുമാനിച്ചിരുന്നു. മിരാസോളിനെതിരായ മത്സരം കാണാൻ ആഞ്ചലോട്ടിയും സ്പോർട്ടിംഗ് ഡയറക്ടർ റോഡ്രിഗോ കെയ്റ്റാനോയും സ്റ്റേഡിയത്തിലെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
താരത്തിന്റെ ശാരീരികക്ഷമതയിൽ തനിക്ക് വലിയ ആശങ്കയുണ്ടെന്ന് ആഞ്ചലോട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. “നെയ്മർ 100 ശതമാനം ഫിറ്റായിരിക്കണം. മികച്ച ഫോമിലുള്ള താരങ്ങളെ മാത്രമേ ഞാൻ പരിഗണിക്കൂ,” എന്ന് ആഞ്ചലോട്ടി ആവർത്തിക്കുന്നു.
അടുത്തതായി നടക്കാനിരിക്കുന്ന കൊറിന്ത്യൻസിനെതിരായ ഡെർബി മത്സരം നെയ്മറിനെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്. മാർച്ച് 16-ന് പ്രഖ്യാപിക്കുന്ന ബ്രസീൽ ദേശീയ ടീം ലിസ്റ്റിൽ ഇടംപിടിക്കാനുള്ള അവസാന അവസരമായിരിക്കും ഈ മത്സരം. മാർച്ച് 26-ന് ഫ്രാൻസുമായും 31-ന് ക്രൊയേഷ്യയുമായും ബ്രസീൽ സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്.
പൂർണ്ണ ആരോഗ്യവാനാണെങ്കിൽ മാത്രമേ നെയ്മറിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തൂ എന്ന നിലപാടിൽ ആഞ്ചലോട്ടി ഉറച്ചുനിൽക്കുകയാണ്. ഇഞ്ചുറിക്ക് ശേഷമുള്ള നെയ്മറിന്റെ തിരിച്ചുവരവ് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
![]()
