ന്യൂഡൽഹി: 2026-ലെ ഐസിസി പുരുഷ ടി20 ലോകകപ്പിൽ ചരിത്രവിജയം കുറിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വമ്പൻ സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ (BCCI). കിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിനായി 131 കോടി രൂപയാണ് ബിസിസിഐ സമ്മാനമായി പ്രഖ്യാപിച്ചത്. ഇതോടെ സ്വന്തം റെക്കോർഡ് തന്നെയാണ് ബിസിസിഐ തിരുത്തിക്കുറിച്ചിരിക്കുന്നത്.
2024-ൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ബാർബഡോസിൽ വെച്ച് നടന്ന ടി20 ലോകകപ്പിൽ ഇന്ത്യ വിജയിച്ചപ്പോൾ 125 കോടി രൂപയായിരുന്നു ബിസിസിഐ സമ്മാനമായി നൽകിയിരുന്നത്. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഫൈനലിൽ ന്യൂസിലാൻഡിനെ തകർത്ത് ഇന്ത്യ ചരിത്രം കുറിച്ചു. ഇതോടെ ടി20 ലോകകപ്പ് കിരീടം വിജയകരമായി നിലനിർത്തുന്ന ആദ്യ ടീമായും, മൂന്ന് തവണ ടി20 ലോകകപ്പ് നേടുന്ന ആദ്യ ടീമായും ഇന്ത്യ മാറി.
ബിസിസിഐയുടെ ഔദ്യോഗിക പ്രസ്താവന
“ഐസിസി പുരുഷ ടി20 ലോകകപ്പ് 2026-ലെ ഉജ്ജ്വല വിജയത്തിന് ശേഷം ഇന്ത്യൻ ടീമിനായി 131 കോടി രൂപയുടെ ക്യാഷ് അവാർഡ് ബിസിസിഐ പ്രഖ്യാപിക്കുന്നു. ഫൈനലിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തി കിരീടം ഉയർത്തിയ ടീമിനെയും, ഈ ചരിത്രനേട്ടത്തിൽ പങ്കാളികളായ സപ്പോർട്ട് സ്റ്റാഫിനെയും സെലക്ടർമാരെയും ബിസിസിഐ അഭിനന്ദിക്കുന്നു,” ബോർഡ് പ്രസ്താവനയിൽ അറിയിച്ചു.
ഐസിസിയിൽ നിന്നുള്ള വമ്പൻ പ്രതിഫലം
ബിസിസിഐയുടെ സമ്മാനത്തുകയ്ക്ക് പുറമെ, ഐസിസിയിൽ നിന്നും വലിയൊരു തുക ടീമിന് ലഭിക്കുന്നുണ്ട്. ലോകകപ്പ് വിജയത്തിനായി 3 ദശലക്ഷം യുഎസ് ഡോളർ (ഏകദേശം 27.48 കോടി രൂപ) ആണ് ഐസിസി സമ്മാനമായി നൽകുന്നത്. ടൂർണമെന്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പ്, സൂപ്പർ 8 ഘട്ടങ്ങളിൽ ജയിച്ച ഓരോ മത്സരത്തിനും ഏകദേശം 28.6 ലക്ഷം രൂപ വീതവും ടീമിന് ലഭിക്കും.
അഹമ്മദാബാദിലെ ഫൈനലിൽ 96 റൺസിനായിരുന്നു ഇന്ത്യയുടെ ആധികാരിക ജയം. സഞ്ജു സാംസൺ (89), ഇഷാൻ കിഷൻ (54), അഭിഷേക് ശർമ്മ (52) എന്നിവരുടെ ബാറ്റിംഗ് മികവും ജസ്പ്രീത് ബുംറയുടെയും അക്സർ പട്ടേലിന്റെയും ബൗളിംഗ് പ്രകടനവുമാണ് ഇന്ത്യക്ക് ലോകകപ്പ് കിരീടം സമ്മാനിച്ചത്.
![]()
