കൊൽക്കത്ത: ടി20 ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് തകർത്ത് ടീം ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചു. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 97 റൺസുമായി പുറത്താകാതെ നിന്ന സഞ്ജു സാംസണായിരുന്നു ഇന്ത്യയുടെ വിജയശില്പി. സഞ്ജുവിനെ തന്നെ ‘പ്ലെയർ ഓഫ് ദി മാച്ച്’ ആയി തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ മത്സരത്തിന് ശേഷം ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ നൽകുന്ന വിഖ്യാതമായ ‘ഇംപാക്ട് പ്ലെയർ’ മെഡൽ സഞ്ജുവിനെ തേടിയല്ല എത്തിയത്.
ഇന്ത്യൻ ബോളിംഗ് നിരയുടെ കുന്തമുനയായ ജസ്പ്രീത് ബുംറയെയാണ് ഈ പോരാട്ടത്തിലെ ഏറ്റവും മികച്ച ഇംപാക്ട് പ്ലെയറായി ടീം മാനേജ്മെന്റ് തിരഞ്ഞെടുത്തത്. വെസ്റ്റ് ഇൻഡീസ് കൂറ്റൻ സ്കോറിലേക്ക് കുതിക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ നിർണ്ണായകമായ രണ്ട് വിക്കറ്റുകൾ വീഴ്ത്തി മത്സരത്തിന്റെ ഗതി മാറ്റിയത് ബുംറയായിരുന്നു.
തിരിച്ചുവരവ് ബുംറയിലൂടെ
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് ഒരവസരത്തിൽ 100 കടന്ന് കുതിക്കുകയായിരുന്നു. 12-ാം ഓവർ എറിയാനെത്തിയ ബുംറ അപകടകാരികളായ ഷിംറോൺ ഹെറ്റ്‌മെയറെയും റോസ്റ്റൺ ചേസിനെയും ഒരേ ഓവറിൽ പുറത്താക്കി വെസ്റ്റ് ഇൻഡീസിനെ പ്രതിരോധത്തിലാക്കി. നാല് ഓവറിൽ 36 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. സ്കോർ ബോർഡിലെ കണക്കുകളേക്കാൾ ഉപരി, മത്സരത്തിന്റെ നിർണ്ണായക ഘട്ടത്തിൽ ബുംറ ചെലുത്തിയ സ്വാധീനമാണ് താരത്തെ മെഡലിന് അർഹനാക്കിയത്.
സഞ്ജുവിന്റെ റെക്കോർഡ് ഇന്നിംഗ്സ്
ബൗളർമാർ വിൻഡീസിനെ 195 റൺസിൽ ഒതുക്കിയപ്പോൾ, മറുപടി ബാറ്റിംഗിൽ സഞ്ജു സാംസൺ സംഹാരരൂപം പ്രാപിച്ചു. 50 പന്തുകളിൽ നിന്ന് 12 ഫോറുകളും 4 സിക്സറുകളും അടക്കം 97* റൺസാണ് താരം അടിച്ചെടുത്തത്. ടി20 ലോകകപ്പിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണിത്. എന്നിരുന്നാലും, ഫീൽഡിംഗ് കോച്ച് ടി. ദിലീപ് പ്രഖ്യാപിച്ച മെഡൽ ജേതാവ് ബുംറയായിരുന്നു.
”നമ്മൾ ഒരു മികച്ച ടീമാണ്, നമ്മുടെ ലക്ഷ്യം എന്താണെന്ന് ഈ പ്രകടനത്തിലൂടെ തെളിയിച്ചു,” മെഡൽ സമ്മാനിച്ചുകൊണ്ട് ടി. ദിലീപ് പറഞ്ഞു. സെമി ഫൈനലിൽ വ്യാഴാഴ്ച മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.
![]()
