കൊട്ടാരക്കര: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന വമ്പൻ രാഷ്ട്രീയ മാറ്റങ്ങൾക്കാണ് കൊല്ലം ജില്ല സാക്ഷ്യം വഹിക്കുന്നത്. സി.പി.എമ്മിന്റെ കോട്ടയായിരുന്ന കൊട്ടാരക്കരയിൽ മുൻ എം.എൽ.എ ഐഷാ പോറ്റി കോൺഗ്രസ് പാളയത്തിലെത്തിയതോടെ നിലവിലെ എം.എൽ.എയും ധനമന്ത്രിയുമായ കെ.എൻ. ബാലഗോപാൽ മണ്ഡലം വിടാനൊരുങ്ങുന്നു. ഐഷാ പോറ്റിയുടെ ജനപ്രീതിക്ക് മുന്നിൽ കൊട്ടാരക്കരയിൽ ബാലഗോപാലിന് അടിപതറുമെന്ന വിലയിരുത്തലിലാണ് അദ്ദേഹം സുരക്ഷിത മണ്ഡലം തേടി കൊല്ലത്തേക്ക് കണ്ണ് വെക്കുന്നത്.
കൊട്ടാരക്കരയുടെ ‘പ്രിയങ്കരി’ ഇനി യു.ഡി.എഫിൽ
മൂന്ന് തവണ കൊട്ടാരക്കരയെ നിയമസഭയിൽ പ്രതിനിധീകരിച്ച ഐഷാ പോറ്റി, കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ ആർ. ബാലകൃഷ്ണപിള്ളയുടെ അപ്രമാദിത്വം അവസാനിപ്പിച്ചുകൊണ്ടാണ് 2006-ൽ ശ്രദ്ധാകേന്ദ്രമായത്. അന്ന് 12,968 വോട്ടുകൾക്ക് പിള്ളയെ അട്ടിമറിച്ച ഐഷാ പോറ്റി, പിന്നീട് ഓരോ തിരഞ്ഞെടുപ്പിലും തന്റെ ഭൂരിപക്ഷം വർദ്ധിപ്പിച്ചു.
- 2011: 20,592 വോട്ടുകളുടെ ഭൂരിപക്ഷം.
- 2016: 42,632 എന്ന റെക്കോർഡ് ഭൂരിപക്ഷം.
ജനകീയയായ ഐഷാ പോറ്റിയെ മാറ്റി നിർത്തി 2021-ൽ സി.പി.എം കെ.എൻ. ബാലഗോപാലിനെ ഇറക്കിയപ്പോൾ, ഐഷാ പോറ്റി തന്നെ മുൻപന്തിയിൽ നിന്ന് പ്രചരണം നയിച്ചിട്ടും ബാലഗോപാലിന്റെ ഭൂരിപക്ഷം 10,814 ആയി കുറഞ്ഞിരുന്നു.
അവഗണനയിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടു
സി.പി.എമ്മിൽ നിന്നും ബാലഗോപാലിൽ നിന്നും നേരിടേണ്ടി വന്ന തുടർച്ചയായ അവഗണനയാണ് ഐഷാ പോറ്റിയെ നാടകീയമായി കോൺഗ്രസിലെത്തിച്ചത്. ഇന്നലെ ഔദ്യോഗികമായി കോൺഗ്രസിൽ ചേർന്ന അവർ കൊട്ടാരക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. മണ്ഡലത്തിൽ അവർക്കുള്ള വ്യക്തിപരമായ സ്വാധീനം കോൺഗ്രസിന് വലിയ മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കൊല്ലത്ത് ‘ഓപ്പറേഷൻ ബാലഗോപാൽ’
ഐഷാ പോറ്റി എതിരാളിയായി എത്തുന്നതോടെ കൊട്ടാരക്കരയിൽ പരാജയഭീതി മണക്കുന്ന ബാലഗോപാൽ കൊല്ലം മണ്ഡലത്തിലേക്ക് മാറാനാണ് ആലോചിക്കുന്നത്. നിലവിൽ സിനിമാ താരം മുകേഷാണ് കൊല്ലം എം.എൽ.എ. രണ്ട് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച മുകേഷിന് ഇത്തവണ സീറ്റ് നൽകേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനം. ഈ സാഹചര്യം മുതലെടുത്ത് കൊല്ലത്ത് മത്സരിക്കാനാണ് ബാലഗോപാലിന്റെ നീക്കം. രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായത്തിൽ ബാലഗോപാലിന്റെ ഈ ‘കൊല്ലം ഓപ്പറേഷൻ’ ഫലം കാണാനാണ് സാധ്യത.
![]()
