തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബി.ജെ.പി. പിടിച്ചെടുത്തതിന് പിന്നാലെ സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ വിമർശന ശരങ്ങൾ നേരിടുന്ന മേയർ ആര്യാ രാജേന്ദ്രന് ആശ്വാസവാക്കുകളുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ‘തളരരുത്, എം.എൽ.എ. സീറ്റ് ഉറപ്പാണ്’ എന്നാണ് മന്ത്രി ആര്യക്ക് നൽകിയ ഉറപ്പ്.
ആര്യയുടെ ‘അഹന്തയാണ്’ കോർപ്പറേഷനിൽ ബി.ജെ.പിക്ക് ഭരണമുണ്ടാകാൻ കാരണമായതെന്നാണ് സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കളുടെ വിമർശനം. ബി.ജെ.പി. സൈബർ ഇടങ്ങളിൽ മേയർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആര്യയെ നേരിട്ട് ലക്ഷ്യം വെച്ചുള്ള പ്രചാരണമാണ് ബി.ജെ.പിക്ക് വിജയം സമ്മാനിച്ചതെന്നും വിലയിരുത്തപ്പെടുന്നു.
ഈ സാഹചര്യത്തിലാണ് മന്ത്രി മുഹമ്മദ് റിയാസ്, മേയർ ആര്യാ രാജേന്ദ്രനെ സാന്ത്വനപ്പെടുത്തിയത്. മുഹമ്മദ് റിയാസുമായും ഭാര്യ വീണ വിജയനുമായും അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ആര്യാ രാജേന്ദ്രൻ. നേരത്തെ തന്നെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആര്യയെ മത്സരിപ്പിക്കാമെന്ന് റിയാസ് ഉറപ്പ് നൽകിയിരുന്നു. കോർപ്പറേഷനിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിലും ആ ഉറപ്പ് ആവർത്തിച്ചുകൊണ്ടാണ് മന്ത്രി ആര്യക്ക് പിന്തുണ അറിയിച്ചത്.
![]()
