കൊച്ചി: പ്രമുഖ നടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ എൻ.എസ്. ഉൾപ്പെടെ ആറ് പ്രതികൾക്ക് 20 വർഷത്തെ കഠിനതടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. പ്രതികൾ കുറ്റക്കാരാണെന്ന് നേരത്തെ കണ്ടെത്തിയ കോടതി, ഒന്നാം പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം പരിഗണിച്ച് മൂന്നുവർഷം കൂടി തടവ് വിധിച്ചിരുന്നെങ്കിലും, ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ അതും 20 വർഷത്തിൽ ഒതുങ്ങും.
പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി ഹണി എം വർഗീസ് ആണ് ശിക്ഷ പ്രഖ്യാപിച്ചത്. ശിക്ഷ ലഭിച്ച മറ്റ് പ്രതികൾ: രണ്ടാം പ്രതി മാർട്ടിൻ ആൻ്റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലീം (വടിവാൾ സലീം), ആറാം പ്രതി പ്രദീപ് എന്നിവരാണ്.
പൾസർ സുനിക്ക് റിമാൻഡ് തടവുകാരനായി കഴിഞ്ഞ ഏഴരവർഷം ശിക്ഷയിൽ ഇളവുചെയ്ത് കിട്ടും. ഇതോടെ ശേഷിച്ച പന്ത്രണ്ടര വർഷം തടവ് അനുഭവിച്ചാൽ മതിയാകും. കേസിലെ മറ്റ് പ്രതികളും അഞ്ച് വർഷത്തോളം റിമാൻഡിലായിരുന്നു. ഗൂഢാലോചനക്കുറ്റം ചുമത്തി എട്ടാം പ്രതിയാക്കിയിരുന്ന നടന് ദിലീപ് അടക്കം മൂന്നുപേരെ കഴിഞ്ഞ ദിവസമാണ് കോടതി വെറുതെ വിട്ടത്.