തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരെ പിണറായി വിജയൻ സർക്കാർ ശത്രുക്കളെപ്പോലെയാണ് കാണുന്നതെന്ന് മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാർ ആരോപിച്ചു. സംസ്ഥാനത്തെ ജീവനക്കാർക്ക് ഒരു ലക്ഷം കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ കുടിശ്ശികയാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന ഇടതുപക്ഷ ഭരണത്തിനെതിരെ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷാമബത്തയുടെ കുടിശ്ശിക, 12-ാമത് ശമ്പള പരിഷ്‌കരണം ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്.
‘യു.ഡി.എഫ്. വന്നാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കും’
യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയാൽ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്നും, ജീവനക്കാർക്ക് നൽകാനുള്ള മുഴുവൻ കുടിശ്ശികയും നൽകുമെന്നും വി.എസ്. ശിവകുമാർ പ്രഖ്യാപിച്ചു.
സംസ്ഥാനത്തിൻ്റെ ആരോഗ്യരംഗം താറുമാറായെന്നും, 50 വർഷക്കാലം പിണറായി സർക്കാർ കേരളത്തെ പിന്നോട്ടടിച്ചെന്നും അദ്ദേഹം വിമർശിച്ചു. “ഒന്നാം പിണറായി സർക്കാർ ധ്വാരപാലകരെയും രണ്ടാം പിണറായി സർക്കാർ കട്ടളപ്പടിയും അടിച്ചുമാറ്റി” എന്ന് അദ്ദേഹം പരിഹസിച്ചു.
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ. കെ.പി. പുരുഷോത്തമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, സെറ്റോ ചെയർമാൻ ചവറ ജയകുമാർ, എം.എസ്. മോഹനചന്ദ്രൻ, നൗഷാദ് ബി., സി.ഡി. ശ്രീനിവാസൻ, വി.എ. ബിനു, കെ.എം. അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.
![]()
