തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വീണ്ടും കോളിളക്കം സൃഷ്ടിച്ച് മുൻ ദേവസ്വം, സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല സ്വർണ്ണ മോഷണ കേസിൽ അടുത്ത ആഴ്ച അദ്ദേഹത്തെ ചോദ്യം ചെയ്യും ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് ഉണ്ടാകുമെന്നും സൂചനയുണ്ട്.
ഇന്നലെ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് എ. പത്മകുമാറിന്റെ നിർണ്ണായക മൊഴിയാണ് കേസിൽ വഴിത്തിരിവായതും കടകംപള്ളിയെ പ്രതിക്കൂട്ടിലാക്കിയതും. സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് കടകംപള്ളിക്കും പങ്കുണ്ടെന്നാണ് പത്മകുമാർ മൊഴി നൽകിയിരിക്കുന്നത്.
മണിച്ചൻ മാസപ്പടി ഡയറിയും വീണ്ടും ചർച്ചയിൽ
കടകംപള്ളി സുരേന്ദ്രനെതിരെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾ ഉയരുന്നത് ഇത് ആദ്യമായല്ല. 2000-ൽ നടന്ന കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയായ മദ്യരാജാവ് മണിച്ചന്റെ മാസപ്പടി ഡയറി വിവാദം വീണ്ടും ചർച്ചയാവുകയാണ്.
1999 ഒക്ടോബറിൽ ആദായ നികുതി ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് ഏറെ കോളിളക്കം സൃഷ്ടിച്ച മാസപ്പടി ഡയറി പിടിച്ചെടുത്തത്. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും പതിനായിരം മുതൽ ലക്ഷങ്ങൾ വരെ മാസംതോറും പടി നൽകിയിരുന്നതായി ഡയറിയിൽ രേഖപ്പെടുത്തിയിരുന്നു. അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എം. സത്യനേശൻ, സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ, സിപിഐ എംഎൽഎ ഭാർഗ്ഗവി തങ്കപ്പൻ ഉൾപ്പെടെ 20 ഓളം പ്രമുഖരുടെ പേരുകളാണ് ഡയറിയിൽ ഉണ്ടായിരുന്നത്.
മണിച്ചൻ തഴച്ചുവളർന്നത് സർക്കാർ തണലിലായിരുന്നു എന്ന് വ്യക്തമാക്കിയ ഈ ഡയറിയിലെ പേരുകൾ ഒരു വർഷത്തോളം അന്നത്തെ ഇ.കെ. നായനാർ സർക്കാർ പൂഴ്ത്തിവച്ചു. കല്ലുവാതുക്കൽ ദുരന്തം ഉണ്ടായപ്പോഴാണ് ഡയറി വീണ്ടും പുറത്തുവന്നതും ഭരണകക്ഷിയായ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയതും.
’പാർട്ടിക്കു വേണ്ടിയുള്ള പണം’ എന്ന ന്യായീകരണം
മണിച്ചന്റെ കയ്യിൽ നിന്ന് കാശു വാങ്ങിയത് പാർട്ടിക്കു വേണ്ടിയാണ് എന്ന നിലപാടാണ് അന്ന് കടകംപള്ളി സ്വീകരിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ അദ്ദേഹം അച്യുതാനന്ദൻ പക്ഷത്തുനിന്ന് മാറിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ വിവാദങ്ങൾക്കൊടുവിൽ പാർട്ടിയിൽ വച്ചടി വച്ചടി കയറ്റമാണ് കടകംപള്ളിക്കുണ്ടായത്. അദ്ദേഹം പിന്നീട് ജില്ലാ സെക്രട്ടറിയും ഒന്നാം പിണറായി മന്ത്രിസഭയിൽ മന്ത്രിയായും ഉയർന്നുവന്നത് ശ്രദ്ധേയമാണ്.
![]()
