തിരുവനന്തപുരം: ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസിന്റെ വിമാനയാത്രയ്ക്ക് വ ഖജനാവിൽ നിന്ന് അധിക ഫണ്ട് അനുവദിച്ചു. അദ്ദേഹത്തിൻ്റെ യാത്രാച്ചെലവിനായി അഞ്ച് ലക്ഷം രൂപയാണ് അധികമായി അനുവദിച്ചുകൊണ്ട് ധന ബജറ്റ് വിംഗ് ഉത്തരവിറക്കിയത്.
2052- 092- 93- 04- 1 എന്ന ശീർഷകത്തിലാണ് അധിക ഫണ്ട് അനുവദിച്ചിട്ടുള്ളത്. വിമാന ടിക്കറ്റുകൾ എടുത്ത ഒഡെപ്പെക്കിനാണ് തുക കൈമാറുക. റെസിഡൻ്റ് കമ്മീഷണറുടെ യാത്രാച്ചെലവും ഈ ശീർഷകത്തിൽ നിന്നാണ് അനുവദിക്കുന്നത്. നിലവിലെ ഉത്തരവിലും ഇരുവരുടേയും യാത്രയ്ക്കാണ് ഫണ്ട് എന്നാണുള്ളതെങ്കിലും, ഈ ശീർഷകത്തിലെ തുകയുടെ 90 ശതമാനവും കെ.വി. തോമസിന്റെ വിമാനയാത്രകൾക്കായാണ് ചെലവഴിക്കുന്നത്.
💰 11.31 ലക്ഷം രൂപയുടെ ആവശ്യം
ഈ ശീർഷകത്തിൽ 5 ലക്ഷം രൂപയായിരുന്നു ഈ സാമ്പത്തിക വർഷത്തെ ബജറ്റ് വിഹിതം. എന്നാൽ ഇത് പോരെന്നും 6.31 ലക്ഷം രൂപ കൂടി അധികമായി അനുവദിക്കണമെന്നും പൊതുഭരണ വകുപ്പ് സബ്ജക്ട് കമ്മിറ്റിയിൽ ആവശ്യപ്പെട്ടിരുന്നു. കെ. വി. തോമസിൻ്റെ വിമാനയാത്രയ്ക്ക് ഈ തുക ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മൊത്തം 11.31 ലക്ഷം രൂപ അനുവദിക്കണമെന്ന ആവശ്യം പൊതുഭരണ വകുപ്പ് മുന്നോട്ട് വെച്ചത്. ഈ ആവശ്യം അംഗീകരിച്ചതിനെ തുടർന്നാണ് ഇപ്പോൾ ഉത്തരവിറങ്ങിയിരിക്കുന്നത്.
❓ സംസ്ഥാനത്തിന് എന്ത് ഗുണം?
കാബിനറ്റ് റാങ്കോടുകൂടി കെ.വി. തോമസിനെ ഡൽഹിയിൽ നിയമിച്ചിട്ട് സംസ്ഥാനത്തിന് കാര്യമായ ഗുണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന വിമർശനം ശക്തമാവുകയാണ്. സാമ്പത്തിക വർഷം അവസാനിക്കാൻ ഇനിയും നാല് മാസങ്ങൾ ശേഷിക്കെ, കെ.വി. തോമസ് നിരവധി കേരള-ഡൽഹി യാത്രകൾ നടത്തുമെന്നും ഖജനാവിൽ നിന്ന് ഇനിയും ലക്ഷങ്ങൾ ചെലവഴിക്കപ്പെടുമെന്നും വ്യക്തമാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയൻ്റെ “മാസപ്പടി കേസ്” ഉയർന്നപ്പോൾ നിർമല സീതാരാമനും മുഖ്യമന്ത്രിയുമായി ഡൽഹിയിൽ രഹസ്യ ചർച്ചയ്ക്ക് കെ.വി. തോമസ് ചരട് വലിച്ചത്. ഉദിഷ്ട കാര്യത്തിന് ഉപകാരസ്മരണ പോലെയാണ് കെ.വി തോമസിന് ഇപ്പോൾ ലഭിച്ച 5 ലക്ഷവും. പിണറായി പണം കൊടുക്കാൻ പറഞ്ഞാൽ മറുവാക്ക് പറയാതെ പണം എടുത്ത് കൊടുക്കുക എന്ന ധർമ്മം ആണ് ബാലഗോപാലിൻ്റേത്. അല്ലെങ്കിൽ തെറിക്കുക ബാലഗോപാലിൻ്റെ കസേരയാവും.
![]()
