തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പദത്തിലേക്ക് സി.പി.എമ്മിൽ അടുത്ത തലമുറയെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുമ്പോൾ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയ പ്രതികരണം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വൻ ചർച്ചയാകുന്നു. ഇന്ത്യൻ എക്സ്പ്രസിന്റെ മലയാളം വെബ് പോർട്ടലിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ബാലഗോപാൽ നൽകിയ മറുപടി, പാർട്ടിയിലെ ആഭ്യന്തര രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.
2026-ൽ വീണ്ടും ഭരണം ലഭിക്കുകയാണെങ്കിൽ, നിലവിലെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കസേരയിൽ തുടരാൻ തയ്യാറെടുക്കുന്നതിനിടെയാണ്, 80 വയസ് പിന്നിടുന്ന അദ്ദേഹത്തിന് മാറ്റമുണ്ടാകണം എന്ന വികാരം പാർട്ടിയിൽ ശക്തമാകുന്നത്. ഈ സാഹചര്യത്തിലാണ് ചില പ്രമുഖർ മുഖ്യമന്ത്രി പദത്തിൽ കണ്ണുവെച്ചിരിക്കുന്നത്. പിണറായി വിജയൻ തനിക്ക് ശേഷം തന്റെ മരുമകൻ മുഹമ്മദ് റിയാസിനെ മനസിൽ കാണുമ്പോൾ, മുഖ്യമന്ത്രി കസേരയിലേക്ക് നോട്ടമിടുന്ന മറ്റൊരു പ്രമുഖനാണ് കെ.എൻ. ബാലഗോപാൽ.
ബാലഗോപാലിന്റെ ചിരിയും മറുപടിയും:
ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ, അവതാരകൻ ബാലഗോപാലിനോട് കൃത്യമായി ഇക്കാര്യം ആരാഞ്ഞു: “മുഖ്യമന്ത്രിക്ക് 80 വയസ്സായി. അടുത്ത തലമുറയെക്കുറിച്ച് ചർച്ച നടക്കുന്നു. താങ്കളെ ആ പോസ്റ്റിലേക്ക് പലരും കാണുന്നു. എന്താണ് മറുപടി?”
ഈ ചോദ്യത്തിന് മറുപടി നൽകുന്നതിൽ, മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകാനുണ്ട് എന്നോ മറ്റോ ഉള്ള പതിവ് സി.പി.എം ശൈലിയിലുള്ള പ്രതികരണങ്ങൾ ധനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. പകരം, വെളുക്കെ ചിരിച്ചുകൊണ്ട് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെ:
”ഞങ്ങളുടെ പാർട്ടിക്കകത്ത് ധാരാളം ആളുകൾ ഉണ്ട്. എന്നെ പോലെ നിരവധി ആളുകൾ സംസ്ഥാന നേതൃത്വത്തിലും സെക്രട്ടേറിയറ്റിലും ഉണ്ട്. വാസ്തവത്തിൽ അങ്ങനെയൊരു ചർച്ച നടക്കുന്നില്ല. ഒരു ഉത്തരവാദിത്വം ഏൽപ്പിച്ചിട്ട് അവരെ പ്രാപ്തരാക്കാൻ പറ്റുന്ന സംവിധാനമാണ് നമ്മുടെ പാർട്ടിയുടേത്. അങ്ങനെ ഉള്ള ആളുകൾ ഉണ്ട്. അതിനെ പറ്റിയുള്ള വേറെ ചർച്ചയൊന്നും ഇപ്പോൾ നടക്കുന്നില്ല”.
റിയാസ് ഞെട്ടലിൽ?
ബാലഗോപാലിന്റെ മറുപടി കേട്ട് ഞെട്ടിയിരിക്കുകയാണ് പിണറായിയും മരുമകൻ റിയാസും. പിണറായിക്ക് ശേഷം താൻ എന്ന പ്രതീക്ഷയിൽ മുന്നോട്ട് പോകുന്ന റിയാസിന്, ‘അടുത്ത തലമുറ’യിൽ താനും ഒട്ടും പിന്നിലല്ല എന്ന ബാലഗോപാലിന്റെ മറുപടി പുതിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
കേരളം കണ്ട ഏറ്റവും മോശം ധനമന്ത്രി എന്ന ഖ്യാതിയാണ് ബാലഗോപാലിന് ഉള്ളത്. ബാലഗോപാലിനെ യു.ഡി.എഫിൻ്റെ ഐശ്വര്യം ആയിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. മുഖ്യമന്ത്രി പദം മോഹിച്ച ശൈലജയെ മന്ത്രി പോലും ആക്കാത്ത ആളാണ് പിണറായി. ബാലഗോപാലിൻ്റെ അവസ്ഥ കണ്ടറിയണം.
![]()
