തൃക്കുന്നപ്പുഴ: മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവിൻ്റെ അന്ത്യകർമ്മങ്ങൾ പൂർത്തിയായി. അമ്മയുടെ ഭൗതിക ശേഷിപ്പുകൾ ഇന്ന് തൃക്കുന്നപ്പുഴയിലെ കടലിൽ ലയിപ്പിച്ചു. ചടങ്ങിന് ശേഷം ഹൃദയസ്പർശിയായ കുറിപ്പാണ് രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ പങ്കുവെച്ചത്.
”ഇന്ന് അമ്മയുടെ അവസാന ഭൗതിക ശേഷിപ്പും കടലിലലിഞ്ഞു,” എന്ന് തുടങ്ങുന്ന കുറിപ്പിൽ, കലശം തിരകൾക്ക് നൽകി കടലിൽ മുങ്ങുമ്പോൾ മനസ്സിലൂടെ കടന്നുപോയ ഓർമ്മകളെക്കുറിച്ച് അദ്ദേഹം വികാരനിർഭരമായി എഴുതുന്നു.
”ഒരു നിമിഷം കൊണ്ട് ഒരായിരം ഓർമ്മകൾ ഹൃദയത്തിലൂടെ കടന്നു പോയി. ഒരു താരാട്ടിന്റെ ഈണം. ഒരായുസിന്റെ സിംഹഭാഗവും ഒപ്പമുണ്ടായിരുന്ന അമ്മയുടെ അവസാനത്തെ തിരുശേഷിപ്പാണ്. ഇനി ഓർമ്മകളുണ്ട്. അതു മതിയല്ലോ.. കടൽ വെള്ളത്തിൽ കണ്ണീരിന്റെ ഉപ്പ്.” – അദ്ദേഹം കുറിച്ചു.
പ്രിയപ്പെട്ട അമ്മയ്ക്ക് വിടചൊല്ലി, ജന്മപരമ്പരകളില് ഇനിയും അമ്മയും മകനുമായി പിറക്കുമെന്ന ആശയം പങ്കുവെച്ചാണ് ചെന്നിത്തല കുറിപ്പ് അവസാനിപ്പിച്ചത്. “ജലമായി അലിയുക. ഒരു തളിരിലയായി മുളപൊട്ടുക. ഒരു കുഞ്ഞു പൂവായി വിരിയുക. ജന്മപരമ്പരകളില് നമ്മളിനിയും അമ്മയും മകനുമായി പിറക്കുമെന്നാശിച്ച്… ശുഭയാത്ര…” – എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
![]()
