റോം: റോമിലെ ഒരു ചെറിയ വെള്ളി ആഭരണക്കടയെ ലോകപ്രശസ്ത ആഡംബര ബ്രാൻഡായ ‘ബൾഗാരി’ (Bvlgari) ആക്കി മാറ്റിയ പ്രമുഖ ഇറ്റാലിയൻ വ്യവസായിയും മുൻ ചെയർമാനുമായ പൗലോ ബൾഗാരി (89) അന്തരിച്ചു. ശനിയാഴ്ച കുടുംബാംഗങ്ങളാണ് മരണവിവരം പുറത്തുവിട്ടത്. “നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ആഭരണ ശിൽപിയെയാണ് നഷ്ടമായത്” എന്ന് കുടുംബം അനുശോചനക്കുറിപ്പിൽ വ്യക്തമാക്കി.
പാരമ്പര്യവും വളർച്ചയും
ഗ്രീസിൽ നിന്ന് ഇറ്റലിയിലേക്ക് കുടിയേറിയ വെള്ളിപ്പണിക്കാരനായ മുത്തച്ഛൻ സൊട്ടീരിയോ ബൾഗാരി 1884-ൽ റോമിൽ സ്ഥാപിച്ച കുടുംബ ബിസിനസ്സിലേക്കാണ് 1960-ൽ പൗലോ ബൾഗാരി കടന്നുവരുന്നത്. 1984-ൽ കമ്പനിയുടെ ചെയർമാനായി ചുമതലയേറ്റ അദ്ദേഹം, പരമ്പരാഗത പാരിസ് ശൈലികളിൽ നിന്ന് വ്യത്യസ്തമായി പുരാതന റോമൻ കലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള വർണ്ണാഭമായ രത്നങ്ങളും സ്വർണ്ണാഭരണങ്ങളും അവതരിപ്പിച്ച് ആഗോള ശ്രദ്ധ നേടി.
എലിസബത്ത് ടെയ്‌ലർ, സോഫിയ ലോറൻ, ഓഡ്രി ഹെപ്ബേൺ തുടങ്ങിയ വിഖ്യാത താരങ്ങൾ മുതൽ സെൻഡയ, ആൻ ഹാത്ത്‌വേ വരെയുള്ള ആധുനിക തലമുറയിലെ സെലിബ്രിറ്റികൾ വരെ പൗലോ രൂപകൽപ്പന ചെയ്ത ആഭരണങ്ങളുടെ ആരാധകരായിരുന്നു. ആഭരണങ്ങൾക്ക് പുറമെ പെർഫ്യൂമുകൾ, വാച്ചുകൾ, ആഡംബര ഹോട്ടലുകൾ എന്നീ മേഖലകളിലേക്കും അദ്ദേഹം ബൾഗാരിയെ വളർത്തി.
ലാളിത്യവും ജീവകാരുണ്യ പ്രവർത്തനങ്ങളും
ശതകോടികളുടെ ആഡംബര സാമ്രാജ്യത്തിന്റെ അധിപനായിരുന്നിട്ടും ലാളിത്യം കൈവിടാത്ത വ്യക്തിയായിരുന്നു പൗലോ. റോമിലെ പ്രശസ്തമായ വിയ കോണ്ടോട്ടിയിലെ (Via Condotti) ബൾഗാരി ഷോറൂമിൽ സാധാരണക്കാരനായ ഒരു സെയിൽസ്മാനെപ്പോലെ ഇടപാടുകാരെ സ്വീകരിക്കാനും സംസാരിക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ജീവിതത്തിന്റെ അവസാന നാളുകൾ വരെയും അദ്ദേഹം ആഭരണങ്ങളുടെ രൂപകൽപ്പനയിൽ സജീവമായിരുന്നു.
2011-ൽ ഏകദേശം 5 ബില്യൺ ഡോളറിന് ബൾഗാരിയുടെ നിയന്ത്രണ ഓഹരികൾ ഫ്രഞ്ച് ആഡംബര ഗ്രൂപ്പായ എൽ.വി.എം.എച്ചിന് (LVMH) കൈമാറി. ആയിരക്കണക്കിന് ജീവനക്കാരുടെ ഭാവി സുരക്ഷിതമാക്കാനാണ് വേദനാജനകമായ ആ തീരുമാനമെടുത്തതെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ മേഖലയിലും പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനുമായി പ്രത്യേക ഫൗണ്ടേഷൻ രൂപീകരിച്ചും അദ്ദേഹം പ്രവർത്തിച്ചു.
ബൾഗാരിയുടെ വിജയത്തിന്റെ പ്രധാന ശിൽപിയായിരുന്നു പൗലോ എന്ന് എൽ.വി.എം.എച്ച് ചെയർമാൻ ബെർണാഡ് അർനോൾട്ട് അനുസ്മരിച്ചു. സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച റോമിലെ ബസിലിക്ക ഓഫ് സാന്താ ക്രോസ് ഇൻ ജെറുസലേമിൽ നടക്കും.