തിരുവനന്തപുരം: മുൻ ഇന്ത്യൻ കായികതാരവും കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റുമായ പത്മിനി തോമസ് ബിജെപി വിട്ടു. പാർട്ടിയിൽ നിന്ന് കടുത്ത അവഗണന നേരിടുന്നുവെന്നും, പാർട്ടിയിൽ ചേരുന്ന സമയത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പത്മിനി തോമസ് ബിജെപി ബന്ധം ഉപേക്ഷിക്കുന്നത്. ബിജെപി വിട്ട അവർ തന്റെ പഴയ തട്ടകമായ കോൺഗ്രസിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്.
2024 മാർച്ചിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് വർഷങ്ങൾ നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് പത്മിനി തോമസ് ബിജെപിയിൽ ചേർന്നത്. അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവരുടെ ബിജെപി പ്രവേശനം. കോൺഗ്രസിൽ നിന്ന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു അന്ന് അവർ പാർട്ടി മാറിയത്. തുടർന്ന് 2025 നവംബറിൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ പാളയം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായും അവർ മത്സരിച്ചിരുന്നു.
എന്നാൽ, ബിജെപി നേതൃത്വം നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നും സംഘടനയ്ക്കുള്ളിൽ കടുത്ത അവഗണനയാണ് നേരിടുന്നതെന്നും പത്മിനി തോമസ് വ്യക്തമാക്കി. ഇതോടെയാണ് ബിജെപി വിട്ട് കോൺഗ്രസിലേക്ക് തന്നെ തിരിച്ചെത്താൻ അവർ തീരുമാനിച്ചത്.
1982-ലെ ഏഷ്യൻ ഗെയിംസിൽ 4×100 മീറ്റർ റിലേയിൽ വെള്ളിയും 400 മീറ്ററിൽ വെങ്കലവും നേടി രാജ്യത്തിന് അഭിമാനമായ അർജുന അവാർഡ് ജേതാവാണ് പത്മിനി തോമസ്. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ അധ്യക്ഷയായും കെപിസിസി കായിക വേദിയുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.