മുംബൈ: ഐപിഎൽ 2026-ലെ ആവേശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് 103 റൺസിന്റെ തകർപ്പൻ വിജയം. വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ, സഞ്ജു സാംസണിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെ (101*) മികവിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ 19 ഓവറിൽ 104 റൺസിന് എല്ലാവരും പുറത്തായി. റൺസ് അടിസ്ഥാനത്തിൽ ഐപിഎൽ ചരിത്രത്തിൽ മുംബൈ ഇന്ത്യൻസിന്റെ ഏറ്റവും വലിയ പരാജയമാണിത്.
സഞ്ജുവിന്റെ ബാറ്റിംഗ് വിരുന്ന്
തുടക്കം മുതൽ ആക്രമിച്ചു കളിച്ച സഞ്ജു സാംസൺ 54 പന്തിൽ നിന്നാണ് 101 റൺസ് നേടിയത്. 10 ഫോറുകളും 6 സിക്സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. സീസണിലെ സഞ്ജുവിന്റെ രണ്ടാമത്തെ സെഞ്ചുറിയാണിത്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് (22), ഡെവാൾഡ് ബ്രെവിസ് (21) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. മുംബൈയ്ക്ക് വേണ്ടി അള്ളാ ഗസൻഫർ, അശ്വാനി കുമാർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
തകർന്നടിഞ്ഞ് മുംബൈ
208 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയ്ക്ക് തുടക്കം മുതലേ പിഴച്ചു. ഇംപാക്ട് പ്ലെയറായി എത്തിയ അക്കീൽ ഹൊസൈന്റെ സ്പിൻ കെണിയിൽ മുംബൈയുടെ മുൻനിര തകർന്നു. നമാൻ ദിവാർ (0), ക്വിന്റൺ ഡി കോക്ക് (7) എന്നിവർ നേരത്തെ പുറത്തായി. സൂര്യകുമാർ യാദവും (36), തിലക് വർമ്മയും (37) ചേർന്ന് പടുത്തുയർത്തിയ 73 റൺസിന്റെ കൂട്ടുകെട്ട് മാത്രമാണ് മുംബൈയ്ക്ക് ആശ്വാസമായത്. എന്നാൽ ഇരുവരും പുറത്തായതോടെ മുംബൈയുടെ പതനം പൂർണ്ണമായി. ഹാർദിക് പാണ്ഡ്യയും ഷെർഫെയ്ൻ റുഥർഫോർഡും റണ്ണൊന്നുമെടുക്കാതെ മടങ്ങി.
ചെന്നൈയ്ക്ക് വേണ്ടി അക്കീൽ ഹൊസൈൻ നാല് വിക്കറ്റും നൂർ അഹമ്മദ് രണ്ട് വിക്കറ്റും വീഴ്ത്തി. സഞ്ജു സാംസൺ ആണ് പ്ലെയർ ഓഫ് ദി മാച്ച്.