തൃശൂർ: പിണറായി വിജയൻ്റെ ഗുഡ് ബുക്കിൽ ഇടംപിടിക്കാൻ ജനകീയനായ വി.എസ്. സുനിൽകുമാറിനെ ബലികൊടുത്ത് സി.പി.ഐ. തൃശൂർ പൂരം കലക്കലിൽ എ.ഡി.ജി.പി. അജിത് കുമാറിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത സുനിൽകുമാറിനെ മണ്ഡലത്തിൽ നിന്നും പുകച്ചുപുറത്താക്കി. മുഖ്യമന്ത്രിയുടെ അപ്രീതി ഭയന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ രാഷ്ട്രീയ ചാണക്യനീക്കത്തിനൊടുവിൽ സുനിൽകുമാർ ഔട്ട്. പകരം സാംസ്കാരിക നായകൻ ആലങ്കോട് ലീലാകൃഷ്ണനെ ഇറക്കി മുഖം രക്ഷിക്കാനാണ് സി.പി.ഐ നീക്കം.
പൂരത്തല്ലിന് സുനിൽകുമാറിന് കിട്ടിയത് എട്ടിന്റെ പണി
തൃശൂർ പൂരം കലക്കിയതിന് പിന്നിലെ എ.ഡി.ജി.പി. ബന്ധം അക്കമിട്ട് നിരത്തി സർക്കാരിനെ പ്രതിരോധത്തിലാക്കിയതാണ് സുനിൽകുമാറിന് വിനയായത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥനെ തൊട്ട സുനിൽകുമാറിനെ രാഷ്ട്രീയമായി വെട്ടിയൊതുക്കാൻ ക്ലിഫ് ഹൗസിൽ നിന്നും കൃത്യമായ നിർദ്ദേശം പോയി. പിണറായിയുടെ മനസ്സ് വായിച്ച ബിനോയ് വിശ്വം, മറുത്തൊരു വാക്ക് പറയാതെ സുനിൽകുമാറിനെ വെട്ടി നിരത്തി. ജനകീയനായ നേതാവിനെക്കാൾ മുഖ്യമന്ത്രിയുടെ താല്പര്യങ്ങൾക്കാണ് സി.പി.ഐ. നേതൃത്വം വില നൽകിയത്.
അണികൾ ഞെട്ടലിൽ; ‘കട്ടപ്പൊക’യായി സുനിൽകുമാർ
തൃശൂരിന്റെ പ്രിയങ്കരനായ നേതാവിന് ഇത്തരമൊരു ‘എട്ടിന്റെ പണി’ പാർട്ടിയിൽ നിന്ന് കിട്ടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ആലങ്കോട് ലീലാകൃഷ്ണന്റെ സാംസ്കാരിക പ്രതിച്ഛായ മറയാക്കി രാഷ്ട്രീയ കളികളിൽ സുനിൽകുമാറിനെ ഒതുക്കുകയാണ് ലക്ഷ്യം.
”മുഖ്യമന്ത്രിക്ക് വേണ്ടി പാർട്ടിയെ പണയപ്പെടുത്തിയോ എന്ന ചോദ്യമാണ് സാധാരണ സി.പി.ഐ. പ്രവർത്തകർ ഇപ്പോൾ ഉയർത്തുന്നത്. പൂരനഗരിയിലെ സുനിൽകുമാറിന്റെ പോരാട്ടം ഒടുവിൽ സ്വന്തം കസേര തെറിപ്പിക്കുന്നതിലാണ് അവസാനിച്ചത്.”
![]()
