തിരുവനന്തപുരം: വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്ത് മുഖ്യ പ്രൊമോട്ടറായ സൊസൈറ്റിക്ക് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ കണ്ണാടിപ്പാലം കരാർ നൽകിയതിൽ വൻ ക്രമക്കേട്. യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. വീണ എസ്. നായർ നൽകിയ പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി തെളിവുകൾ കണ്ടെത്തിയതോടെ എം.എൽ.എയ്ക്കെതിരെ വിശദമായ അന്വേഷണത്തിന് വഴിതെളിഞ്ഞു.
സോഷ്യൽ മീഡിയയിൽ ‘കണ്ണാടിപ്പാലം ബ്രോ’ എന്ന പരിഹാസം നേരിടുന്ന എം.എൽ.എയ്ക്ക്, സ്വന്തം സർക്കാർ അധികാരത്തിലിരിക്കെ വിജിലൻസ് തന്നെ അന്വേഷണം പ്രഖ്യാപിച്ചത് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്.
- വെബ്കോസ് സൊസൈറ്റി വിവാദത്തിൽ: എം.എൽ.എ നേതൃത്വം നൽകുന്ന സൊസൈറ്റിക്ക് മതിയായ പ്രവൃത്തിപരിചയമില്ലാതെ കോടികളുടെ കരാർ നൽകി.
- മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി: 2021-ൽ മാത്രം രജിസ്റ്റർ ചെയ്ത സ്ഥാപനത്തിന് എങ്ങനെ 2022-ൽ കരാർ ലഭിച്ചു എന്നത് ദുരൂഹമാണ്.
- മാധ്യമ റാങ്കിംഗിലെ ‘രണ്ടാമൻ’: റിപ്പോർട്ടർ ചാനൽ എം.എൽ.എമാരുടെ റാങ്കിംഗിൽ രണ്ടാം സ്ഥാനം നൽകിയ ആളുടെ അഴിമതി കഥകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
“മുഖംമൂടികൾ അഴിഞ്ഞുവീഴുന്നു” – അഡ്വ. വീണ എസ്. നായർ
സ്വന്തം സർക്കാർ ഭരിക്കുമ്പോൾ തന്നെ ഒരു എം.എൽ.എയ്ക്കെതിരെ വിജിലൻസ് അന്വേഷണം വരുന്നത് അഴിമതിയുടെ ആഴം വ്യക്തമാക്കുന്നുവെന്ന് അഡ്വ. വീണ എസ്. നായർ പറഞ്ഞു. നന്മമരം ചമയുന്നവരുടെ യഥാർത്ഥ മുഖം പുറത്തുവരികയാണെന്നും വീണ നായർ കൂട്ടിചേർത്തു.
![]()
